കെട്ടിട നികുതി തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കും
തിരുവനന്തപുരം: സർവ മേഖലകളിലെയും നികുതി വർദ്ധനവിന് പിന്നാലെ, കെട്ടിട നികുതി മറയാക്കിയും സർക്കാർ ജനങ്ങളെ പിഴിയുന്നു. വഴിയോരങ്ങളിലെ പെട്ടിക്കടകളെയും ബാങ്കുകളെയും കെട്ടിട നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി താരിഫ് നിശ്ചയിച്ചു. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് സമാനമായ രീതിയിലാണ് സ്ലാബ് .
കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഒരു ചതുരശ്ര മീറ്ററിന് 10 മുതൽ 22 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്താം. പഞ്ചായത്തുകളിൽ ഇത് ആറ് മുതൽ പത്ത് രൂപ വരെയാണ്. എന്നാൽ വെള്ളം,വൈദ്യുതി തുടങ്ങിയ സർക്കാർ വക അടിസ്ഥാന സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട കച്ചവടക്കാരിൽ നിന്ന് നികുതി ഈടാക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കെട്ടിട നികുതിക്ക് സ്ലാബ് ഏർപ്പെടുത്തിയതോടെ, ഓരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും ഇനി വ്യത്യസ്ത തരം കെട്ടിട നികുതിയാകും. തദ്ദേശ സ്ഥാപനങ്ങളുടെ കൗൺസിൽ യോഗമാണ് സ്ലാബ് തീരുമാനിക്കുന്നത്.
വ്യവസായങ്ങൾക്കും
ഇരുട്ടടി
വ്യവസായ വാണിജ്യ മേഖലയ്ക്കും സംരംഭകർക്കും നികുതി വർദ്ധന ഇരുട്ടടിയാണ്. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള മാളുകൾക്ക് 120രൂപ മുതൽ 170 രൂപ വരെ നികുതി ചുമത്താം. ചെറിയ കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് അഞ്ച് രൂപ വീതം വർദ്ധനവുണ്ട്. ആശുപത്രികളുടെ നികുതി ഇരട്ടിയാക്കിയാണ് സ്ലാബ് നിശ്ചയിച്ചിരിക്കുന്നത്. ഈ നികുതി എല്ലാവർഷവും അഞ്ച് ശതമാനം വീതം വർദ്ധിപ്പിക്കും .
വീടിന് നികുതി
രണ്ടായി തിരിച്ച്
300 ചതുരശ്ര മീറ്ററിന് മുകളിലും താഴെയും (ചെറുതും വലുതും) എന്ന നിലയിൽ രണ്ടായി തരം തിരിച്ചാണ് വീടുകൾക്ക് നികുതി നിശ്ചയിച്ചിരിക്കുന്നത്.പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ മേഖലകളിൽ ശരാശരി രണ്ട് രൂപയാണ് ചതുരശ്ര മീറ്ററിന് വീടുകൾക്ക് നികുതി കൂട്ടിയത്. പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിനുള്ള നികുതി എട്ട് രൂപയിൽ നിന്ന് പത്തായി വർദ്ധിപ്പിച്ചു. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ചെറിയ വീടുകൾക്ക് ചതുരശ്ര മീറ്ററിന് രണ്ട് രൂപയും വലിയ വീടുകൾക്ക് നാല് രൂപയും വർദ്ധിപ്പിച്ചു.
വീട്, പെട്ടിക്കട
നികുതി സ്ലാബ്
■പഞ്ചായത്ത്:
300 ചതുരശ്ര മീറ്റർ വരെ:
6 രൂപ -10 രൂപ
300 ചതുരശ്ര മീറ്ററിൽ കൂടുതൽ
8 രൂപ -12 രൂപ
■മുനിസിപ്പാലിറ്റി:
300 ചതുരശ്രമീറ്റർ വരെ:
8 രൂപ–17 രൂപ
300 ചതുരശ്ര മീറ്ററിൽ കൂടുതൽ
10 രൂപ– 19 രൂപ
കോർപറേഷൻ:
300 ചതുരശ്രമീറ്റർ വരെ:
10 രൂപ– 22 രൂപ
300 ചതുരശ്ര മീറ്ററിൽ കൂടുതൽ
12 രൂപ – 25 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |