കൊല്ലം: കേരള സർവകലാശാലയുടെ പി.ജി സെമസ്റ്റർ പരീക്ഷാ ഫലം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിദ്യാത്ഥികൾ. 2021-23 ബാച്ചിന് ഒരു വർഷം നഷ്ടമാകുന്നതും ഉപരിപഠന അവസരങ്ങളും ഇല്ലാതാകുന്നതുമാണ് ആശങ്കയ്ക്ക് കാരണം. കഴിഞ്ഞ മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായെങ്കിലും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകൾ സെപ്തംബറിലും ഇക്കൊല്ലം ജനുവരിയിലും നടന്നെങ്കിലും മൂല്യനിർണയം ആരംഭിച്ചിട്ടേയുള്ളൂ. ഫലങ്ങൾ വൈകുന്നത് 2022-24 ബാച്ചിന്റെ പരീക്ഷകളെ ബാധിച്ചതിനാൽ ആദ്യ സെമസ്റ്റർ പരീക്ഷകളുടെ തീയതിയും നിശ്ചയിച്ചിട്ടില്ല.
സോഫ്ട്‌വെയർ
പരീക്ഷണം പാളി
പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഉത്തരക്കടലാസുകൾ സാധാരണ, യൂണിവേഴ്സിറ്റിയിൽ ഫോൾസ് നമ്പരിട്ട് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുകയായിരുന്നു പതിവ്. ഇതുമാറ്റി സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്ട്‌വെയറിലൂടെ ക്യു.ആർ കോഡ് ഉത്തരക്കടലാസുകളിൽ രേഖപ്പെടുത്തി ക്യാമ്പുകളിലേക്ക് അയക്കുന്ന രീതി ആവിഷ്കരിക്കുകയായിരുന്നു. ജോലിഭാരം കുറയുന്നതിനൊപ്പം പരിശോധനയും ഫലപ്രഖ്യാപനവും വേഗത്തിലാകുമെന്നാണ് കരുതിയത്. എന്നാൽ ക്യു.ആർ കോഡ് പ്രിന്റെടുത്തതിലുണ്ടായ അപാകത മൂലം ഉത്തരക്കടലാസുകൾ അയക്കുന്നത് വൈകിയതോടെ പരിശോധനയും ഫലപ്രഖ്യാനവും അവതാളത്തിലായി.
സപ്ളിമെന്ററി, ഇപ്രൂവ്മെന്റ്
അവസരങ്ങൾ നഷ്ടം
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം വരാതെ രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകൾ നടത്തിയതിലൂടെ ഒന്നാം സെമസ്റ്ററിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കും സപ്ളിമെന്ററി,ഇപ്രൂവ്മെന്റ് അവസരങ്ങൾ നഷ്ടമായി. പുതിയ ബാച്ചിന്റെ പരീക്ഷകൾക്കൊപ്പമേ സപ്ളിമെന്ററി,ഇപ്രൂവ്മെന്റ് പരീക്ഷകൾ ഇനി എഴുതാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |