തിരുവനന്തപുരം: കഴിഞ്ഞ വർഷം ഒക്ടോബറിലെ മന്ത്രി വീണ ജോർജിന്റെ യു.കെ സന്ദർശനം മുൻകൂർ അനുമതിയില്ലാതെയായതിനാൽ അത് ക്രമപ്പെടുത്തിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ഒക്ടോബർ നാല് മുതൽ എട്ട് വരെയായിരുന്നു ഇംഗ്ലണ്ട് സന്ദർശനം. യാത്ര ഔദ്യോഗികമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം 12ന് പൊതുഭരണവകുപ്പ് അസാധാരണ ഉത്തരവിറക്കിയത്.
മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോകും മുമ്പ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും സംസ്ഥാന ധനമന്ത്രാലയത്തിന്റെയും മുൻകൂർ അനുമതി തേടേണ്ടതുണ്ട്. എന്നാൽ മന്ത്രിയുടെ സന്ദർശനം ഇതില്ലാതെയായതിനാൽ ചട്ടവിരുദ്ധമായി കണക്കാക്കപ്പെടുന്നത് ഒഴിവാക്കാനാണിപ്പോഴത്തെ ഉത്തരവ്. യു.കെയിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സംഘത്തിൽ വീണ ജോർജിനെ ഉൾപ്പെടുത്തിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാന ടിക്കറ്റിന് ചെലവഴിച്ച തുകയുൾപ്പെടെ മന്ത്രിക്ക് ലഭിക്കും.
മന്ത്രിമാരുടെ ചട്ടവിരുദ്ധ വിദേശ സന്ദർശനം സി ആൻഡ് എ.ജിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്താനിടയുള്ളതിനാൽ അതൊഴിവാക്കാൻ കൂടിയാണ് മുൻകാല പ്രാബല്യത്തോടെയുള്ള അനുമതി കണക്കാക്കി ഉത്തരവിറക്കിയത്. അസാധാരണ ഉത്തരവിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിനും അയച്ചുകൊടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |