ബാർ ലൈസൻസ് നേടാൻ 25ഓളം ഹോട്ടലുകൾ
തിരുവനന്തപുരം: ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ 175 പുതിയ ഷോപ്പുകൾ തുടങ്ങാനുള്ള നീക്കം സൗകര്യപ്രദമായ കെട്ടിടങ്ങൾ കിട്ടാത്തതു കാരണം ബെവ്കോ ഉപേക്ഷിച്ചു. പല ജില്ലകളിലും കെട്ടിട പരിശോധന നടന്നെങ്കിലും പ്രാദേശിക എതിർപ്പുകൾ പ്രശ്നമായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ 68 ഷോപ്പുകളിൽ വീണ്ടും തുറക്കുമെന്ന് ഉറപ്പായത് ഏഴെണ്ണം മാത്രം.
വാടക ഇനത്തിലെ അധികച്ചെലവും കൂടുതൽ ജീവനക്കാരെ നിയമിക്കുമ്പോഴുള്ള അധിക ബാദ്ധ്യതയും കണക്കിലെടുത്ത് 17 വെയർഹൗസുകൾ തുടങ്ങാനുള്ള നീക്കവും ഉപേക്ഷിച്ചു.
അതേസമയം, ബാർ ലൈസൻസ് നേടാനൊരുങ്ങി വിവിധ ജില്ലകളിൽ രണ്ട് ഡസനോളം ഹോട്ടലുകൾ നിർമ്മാണ ഘട്ടത്തിലാണ്. ഫോർ സ്റ്റാർ മുതൽ മുകളിലേക്ക് പദവിയുള്ള ഹോട്ടലുകൾക്കാണ് പുതിയ ലൈസൻസ് നൽകുക.
ചില്ലറ വില്പനശാലകൾക്ക് മുന്നിലെ തിക്കും തിരക്കും കുറയ്ക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കൂടുതൽ ഷോപ്പുകൾ തുറക്കാൻ ബെവ്കോ നീക്കം നടത്തിയത്. ഉമ്മൻചാണ്ടി സർക്കാർ പൂട്ടിയ 68 ഷോപ്പുകൾക്ക് പുറമെയാണിത്.
ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലും മുരിക്കാശ്ശേരിയിലും രണ്ട് ഷോപ്പുകൾ തുറന്നു. പത്തനംതിട്ടയിൽ നരിയാപുരം, കൊല്ലം ഭരണിക്കാവിന് സമീപം സിനിമാപ്പറമ്പ്, തിരുവനന്തപുരത്ത് വട്ടപ്പാറ, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് പൂട്ടിയ ഷോപ്പുകൾ വീണ്ടും തുറക്കുന്നത്.
പ്രിമിയം കൗണ്ടറുകൾ
ബെവ്കോയുടെ 269 ഷോപ്പുകളിൽ 63ലും പ്രിമിയം കൗണ്ടറുകൾ തുടങ്ങി. സ്ഥലസൗകര്യമുള്ള മറ്റു ഷോപ്പുകളിലും പ്രിമിയം കൗണ്ടർ സംവിധാനം വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |