തിരുവനന്തപുരം: സർവകലാശാലകളും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും കേരള ഗ്രന്ഥശാലാ സംഘവും നടത്തുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചവർ കബളിപ്പിക്കപ്പെടുന്നതായി ആരോപണം. ഓരോവർഷവും ആയിരക്കണക്കിന് പേരിൽനിന്ന് അമിതമായ ഫീസ് വാങ്ങി കോഴ്സ് നടത്തുന്നതല്ലാതെ, പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചിറങ്ങിയവർ ജോലിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.
സർവ്വകലാശാലകൾ നടത്തുന്ന സബ്‌സെന്ററുകളിൽ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷണൽ സ്‌കീം വഴി പ്രതിവർഷം ആയിരത്തിലേറെപ്പേരാണ് 10,000 രൂപ വരെ മുടക്കി ആറു മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് ചേരുന്നത്. എന്നാൽ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് യൂണിവേഴ്‌സിറ്റികളിലോ കോളേജുകളിലോ ജോലി നൽകില്ല. യൂണിവേഴ്സിറ്റികളിലെ ലൈബ്രേറിയൻ തസ്തികയിൽ ബി.എൽ.ഐ.എസ്‌സി ബിരുദം നേടിയവർക്ക് മാത്രമാണ് നിയമനം.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് 650 രൂപ മാത്രമാണ് ഫീസ്. ആറു മാസത്തെ കോഴ്‌സിൽ ആദ്യ നാലു മാസം പഠനവും രണ്ടു മാസം പ്രാക്ടിക്കലുമാണ്. ഈ രണ്ടു മാസവും പ്രതിമാസം 9,00 രൂപ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സ്റ്റൈപ്പന്റ് നൽകും. ആദ്യ പത്തു റാങ്കുകാർക്ക് പ്രതിമാസം 6,000 രൂപ സ്റ്റൈപ്പെൻഡോടെ ഒരു വർഷത്തേക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ പരിശീലനവും നൽകും.എന്നാൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും ബി.എൽ.ഐ.എസ്‌സി ബിരുദം നേടിയവർക്കേ ജോലിയുള്ളൂ.
കോമൺ പൂൾ ലൈബ്രറികളിൽ ഉൾപ്പെട്ട സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, മുനിസിപ്പൽ ലൈബ്രറി, പഞ്ചായത്ത് ലൈബ്രറി എന്നിവിടങ്ങളിലും ബിരുദധാരികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചവർക്ക് ഗ്രാമീണ ലൈബ്രറികളിൽ ജോലിചെയ്യാമെങ്കിലും ലൈബ്രറി കൗൺസിൽ നൽകുന്ന തുച്ഛമായ ഓണറേറിയം മാത്രമേ ലഭിക്കൂ. മാത്രമല്ല, ഇവിടെ കോഴ്സ് പഠിച്ചവർ തന്നെ വേണമെന്ന് നിർബന്ധവുമില്ല.
സർക്കാർ വാക്ക് പാഴായി
എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഓരോ ലൈബ്രേറിയൻ തസ്‌തിക അനുവദിക്കുമെന്ന സർക്കാർ വാക്ക് വിശ്വസിച്ചാണ് പലരും ഈ കോഴ്സ് പഠിക്കാനിറങ്ങിയത്. തസ്‌തിക അനുവദിച്ചാൽ സർട്ടിഫിക്കറ്റ് കോഴ്‌സുകാരെ പരിഗണിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്ലസ് ടു നടപ്പിൽ വന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്‌തിക സൃഷ്ടിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |