ന്യൂഡൽഹി:വംശീയ കലാപത്തെ തുടർന്ന് കലുഷിതമായ മണിപ്പൂരിൽ പുതിയ ചീഫ് സെക്രട്ടറിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ വിനീത് ജോഷിയെ നിയമിച്ചു. സി.ബി.എസ്.ഇ ചെയർമാനായിരുന്നു. മണിപ്പൂർ സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനിൽ നിന്ന് തിരികെ അയക്കുന്നത്. ഈ ആവശ്യത്തിന് കേന്ദ്ര കാബിനറ്റിന്റെ അപ്പോയ്ന്റ്മെന്റ് കമ്മിറ്റി(എ.സി.സി) അംഗീകാരം നൽകിയതായി സെക്രട്ടറി ദീപ്തി ഉമാശങ്കർ പറഞ്ഞു. എ.സി.സി ഇന്നലെ ഇത് സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി.
1992 മണിപ്പൂർ കാഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിനീത് ജോഷി നിലവിലെ ചീഫ് സെക്രട്ടറിക്ക് പകരം ചുമതലയേൽക്കും. കഴിഞ്ഞ വർഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ സി.ബി.എസ്.ഇയുടെ പുതിയ ചെയർമാനായി നിയമിച്ചത്. നിലവിൽ മണിപ്പൂർ ചീഫ് സെക്രട്ടറിയായ രാജേഷ് കുമാറിന് കഴിഞ്ഞ ഡിസംബറിൽ കാലാവധി നീട്ടി നൽകിയിരുന്നു. 2020 ആഗസ്റ്റിലാണ് മണിപ്പൂർ കാഡറിലെ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. രാജേഷ് കുമാറിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |