തിരുവനന്തപുരം:സംസ്ഥാനസർക്കാർ ജീവനക്കാരുടെ പുതിയ ശമ്പളകമ്മിഷൻ പ്രഖ്യാപനം വൈകുമെന്ന് സൂചന. 2021ലാണ് ശമ്പളപരിഷ്ക്കരണം നടത്തിയതെങ്കിലും 2019 മുതൽ മുൻകാല പ്രാബല്യമുണ്ടായിരുന്നു. അതു പ്രകാരം 2024 ജൂലായ് ഒന്നു മുതൽ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതാണ്.എന്നാൽ പത്ത് മാസം കഴിഞ്ഞിട്ടും കമ്മിഷനെ നിയമിച്ചിട്ടില്ല.
അഞ്ച് വർഷം കൂടുമ്പോൾ നടപ്പാക്കുന്ന ശമ്പളപരിഷ്ക്കരണം കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് സർക്കാർ കരുതുന്നത്.കഴിഞ്ഞ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 25000കോടിയുടെ വൻബാദ്ധ്യതയാണുണ്ടായത്. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോൾ 4000കോടിയോളം രൂപ കുടിശിക നൽകേണ്ട ബാദ്ധ്യതയുമുണ്ടായി.അതിൽ 2000കോടി ഇനിയും കൊടുക്കാനുണ്ട്. ശമ്പളപരിഷ്ക്കരണമുണ്ടാക്കിയ ബാദ്ധ്യത മൂലം ജീവനക്കാർക്ക് ഡി.എ.യും അതത് സമയങ്ങളിൽ കൊടുക്കാനായില്ല.നിലവിൽ ആറുഗഡുക്കളായി മൊത്തം 18%ഡി.എയും കുടിശികയാണ്. ഇതിനകം മൂന്ന് ഗഡു ഡി.എ.കൊടുത്തെങ്കിലും അതിന് മുൻകാല പ്രാബല്യവും നൽകാനായില്ല. അടുത്ത ശമ്പളപരിഷ്ക്കരണവും നടപ്പാക്കിയാൽ കൂടുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്നാണ് സർക്കാരിന്റെ ആശങ്ക. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനം മൂലം പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും ശമ്പളവിതരണം പോലും കൃത്യമായി നടത്താനാകാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട്. അടുത്ത ശമ്പളപരിഷ്ക്കരണം ആലോചിച്ച് മതിയെന്നാണ് സർക്കാർ നിലപാടെന്നാണ് അറിയുന്നത്. കേന്ദ്രസർക്കാർ പത്തുവർഷത്തിലൊരിക്കലാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്നത്.
കേന്ദ്രത്തിൽ പുതിയ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു കഴിഞ്ഞു. 2026 ൽ കേന്ദ്രത്തിൽ പുതിയ ശമ്പള പരിഷ്‌കരണം നിലവിൽ വരും. കേന്ദ്ര ജീവനക്കാരുടെ ശമ്പളം ഇരട്ടിയിലധികം വർദ്ധിക്കും. നിരവധി അലവൻസുകളും ഇവർക്കുണ്ട്. ക്ഷാമബത്ത വർഷത്തിൽ രണ്ട് പ്രാവശ്യം കൃത്യമായി കേന്ദ്രത്തിൽ ലഭിക്കും. ഇപ്പോൾ 55 ശതമാനമാണ് കേന്ദ്രത്തിൽ ക്ഷാമബത്ത.
അന്ന് നാലു മാസം വൈകി
കമ്മിഷൻ രൂപീകരിച്ചു
2019 ജൂലായ് ഒന്നു മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന് നാലു മാസം കഴിഞ്ഞ് നവംബർ ആറിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് കമ്മിഷനെ പ്രഖ്യാപിച്ചിരുന്നു. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥർ കെ.മോഹൻദാസ് ആയിരുന്നു ചെയർമാൻ. പതിമൂന്ന് മാസത്തിന് ശേഷം 2021 ജനു.29ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി പത്തിന് സർക്കാർ അത് അംഗികരിച്ച് ഉത്തരവും ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |