തിരുവനന്തപുരം: ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യാ' മുന്നണിയുടെ പ്രചരണാർത്ഥം എ.ഐ.സി.സി ഇറക്കിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ടത് സംസ്ഥാന കോൺഗ്രസിൽ മുറുമുറുപ്പിനിടയാക്കുന്നു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണ് പിണറായിയുടെ ചിത്രം ഇടംപിടിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിൽ നിൽക്കെയുള്ള എ.ഐ.സി.സി പോസ്റ്റർ കോൺഗ്രസ് നേതാക്കൾക്ക് തലവേദനയായി. അതേസമയം, സി.പി.എം സൈബറിടങ്ങളിൽ ഈ പോസ്റ്റർ ശക്തമായ പ്രചരണായുധവുമാണ്.
'ഇന്ത്യാ' മുന്നണിയുടെ ഭാഗമായതിനാൽ പോസ്റ്റർ തള്ളാനാവില്ലെന്ന അവസ്ഥയിലാണ് കോൺഗ്രസ്. 'ഇന്ത്യ എന്ന ആശയത്തെ ഇന്ത്യ പ്രതിരോധിക്കുന്നു' എന്ന തലവാചകത്തോടെയാണ് പോസ്റ്റർ. ഇതിൽ 'ഇന്ത്യയുടെ ശബ്ദം ഇന്ത്യയാണ്' എന്ന ഉപശീർഷകത്തിലാണ് പിണറായി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രമുള്ളത്. ഇന്ത്യയുടെ ശബ്ദമായി പിണറായിയെ കോൺഗ്രസ് ദേശീയ നേതൃത്വം വിശേഷിപ്പിച്ചെന്നാണ് ഇടത് ഇടങ്ങളിലെ പ്രചാരണം.
പുതുപ്പള്ളിയിലടക്കം മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ ആക്രമണങ്ങൾ. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്നതിനൊപ്പം സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ ധാരണയിലെന്ന പ്രചരണവും കോൺഗ്രസ് നടത്തുന്നു. ഈ ഘട്ടത്തിൽ ബി.ജെ.പിക്കെതിരായ ശബ്ദത്തിൽ മുന്നിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ പിണറായിയെ ഉൾപ്പെടുത്തുന്നതാണ് സംസ്ഥാന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ദേശീയ പ്രതിപക്ഷ ബദൽ സഖ്യത്തിലെ പ്രധാനപ്പെട്ട കക്ഷികളിൽ സി.പി.എമ്മിനൊപ്പം സി.പി.ഐയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |