തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ യുവതിയെ ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇതിനെതിരെ യുവതി നൽകിയ ഹർജി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ തള്ളി.
സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ ഉമ്മൻചാണ്ടി പൂർണമായി കുറ്റവിമുക്തനായി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2012 സെപ്തംബർ 19ന് വൈകിട്ട് നാലിന് ക്ലിഫ് ഹൗസിൽ വച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
പാരമ്പര്യേതര ഉൗർജോല്പാദന നയം നടപ്പിലാക്കാൻ
ഉമ്മൻചാണ്ടി 1.90 കോടി ആവശ്യപ്പെട്ടെന്നും ഇതിൽ 1.10 കോടി രൂപ ഉമ്മൻചാണ്ടിയുടെ പ്രതിനിധിയായി ഡൽഹിയിലുളള തോമസ് കുരുവിളയ്ക്ക് അവിടെവച്ച് നൽകിയെന്നും ബാക്കി 80 ലക്ഷം പരാതിക്കാരിയുടെ വീട്ടിൽ വച്ച് ഉമ്മൻചാണ്ടിയുടെ അനുയായിക്ക് നൽകിയെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ആരോപണം. ഇതും കഴമ്പില്ലാത്തതാണെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിനെതിരെ പരാതിക്കാരി കോടതിയെ സമീപിച്ചെങ്കിലും കൂടുതൽ തെളിവുകൾ ഹാജരാക്കാനായില്ല. ഇക്കാരണത്താലാണ് കോടതി സി. ബി.ഐ റിപ്പോർട്ട് നിരസിക്കണമെന്ന ഹർജി തള്ളിയതും സി. ബി.ഐ റിപ്പോർട്ട് അംഗീകരിച്ചതും.
2016ലാണ് യുവതി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്. 2018 ഒക്ടോബർ 21ന് പൊലീസ് കേസെടുത്തു. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പിന്നീട് അനിൽകാന്തിന് അന്വേഷണം കൈമാറി. പക്ഷേ, കുറ്റം തെളിയിക്കാനായില്ല. പിന്നാലെ, കേസന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് കൈമാറി. പീഡനാരാേപണം നേരിട്ട മുൻ മന്ത്രിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ. പി. അനിൽ കുമാർ, ബി.ജെ. പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ. പി. അബ്ദുളള കുട്ടി, ഹൈബി ഈഡൻ എം. പി എന്നിവർക്കെതിരെയും സി. ബി.ഐ അന്വേഷണം നടത്തി. ആറു കേസുകളിലും കഴമ്പില്ലെന്ന് കണ്ടെത്തിയ സി.ബി.ഐ, കേസുകൾ അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |