സാധൂകരണം നൽകി മന്ത്രിസഭായോഗം
തിരുവനന്തപുരം: വയനാട്ടിൽ മലയോര മേഖലയിൽ തോട്ടംഭൂമി തരംമാറ്റിയ സ്ഥലത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് നൽകാൻ കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണമെന്ന സർക്കുലർ റദ്ദാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകി. ഇതോടെ മറ്റ് ജില്ലകളിലും വ്യവസ്ഥ പ്രാബല്യത്തിലാകും.
തോട്ടംഭൂമി തരംമാറ്റിയത് ഭൂപരിഷ്കരണ നിയമത്തിന് വിധേയമാണെന്ന് പരിശോധിച്ച് ഉറപ്പാക്കി ബന്ധപ്പെട്ട വില്ലേജ് ഒാഫീസർ നൽകുന്ന സർട്ടിഫിക്കറ്റാണ് കെ.എൽ.ആർ. ഇത് വാങ്ങി തദ്ദേശസ്ഥാപനത്തിൽ നൽകിയാൽ മാത്രമേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കൂ. രേഖകൾ ഹാജരാക്കാനുള്ള പ്രയാസംമൂലം മലയോരമേഖലയിൽ ആയിരക്കണക്കിന് ബിൽഡിംഗ് പെർമിറ്റ് അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങൾ, സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് കെ.എൽ.ആർ സർട്ടിഫിക്കറ്റുകളിൽ ഇളവ് ഏർപ്പെടുത്തി വയനാട് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉത്തരവിറക്കിയത്. ഇതിനാണ് സാധൂകരണം നൽകിയത്.
അതേസമയം, പുതിയ ഉത്തരവ് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി ഇഷ്ടാനുസരണം മുറിച്ചു വിറ്റ് തരം മാറ്റാനുള്ളതല്ലെന്ന് റവന്യു ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കേസെടുക്കുന്നതിന് വിവരങ്ങൾ താലൂക്ക് ലാൻഡ് ബോർഡിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |