തിരുവനന്തപുരം: സിനിമാ മേഖലയിലെ അതി പ്രശസ്തരിൽ നിന്നുപോലും വനിതകൾക്ക് ലൈംഗിക ചൂഷണം നേരിടേണ്ടിവരുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. അവരുടെ പേരുകൾ കമ്മിറ്റിക്ക് മുന്നിലുണ്ട്. അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പ്രൊഡക്ഷൻ കൺട്രോളർ സമീപിക്കുമ്പോഴും സിനിമയിൽ അവസരം തേടിയെത്തുമ്പോഴും കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നിവ വേണ്ടിവരുമെന്ന് അറിയിക്കും. ഈ രണ്ട് വാക്കുകൾ സിനിമാമേഖലയിൽ സുപരിചിതമാണ്. ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുക. നടന്മാർ, നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരടക്കം എല്ലാവരുടെയും ഇംഗിതത്തിന് വഴിപ്പെടേണ്ടി വരുമെന്ന് പെൺകുട്ടി മൊഴി നൽകി. കോംപ്രമൈസിനും അഡ്ജസ്റ്റ്മെന്റിനും തയ്യാറാവുന്നവർക്കു അംഗീകാരം, പണം, താരപദവി എന്നിവയെല്ലാം കിട്ടും. സിനിമയിലെ ലൈംഗിക ചൂഷണം അവിശ്വസിക്കാൻ കാരണമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ഓഡീഷന് സന്നദ്ധരാവുന്ന പെൺകുട്ടികൾക്ക് നിർമ്മാതാവിനെയോ സംവിധായകനെയോ കാണാനാവശ്യപ്പെട്ട് ഫോൺവിളിയെത്തും. നേരിട്ടെത്തുമ്പോൾ അഡ്‌ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നിവ വേണ്ടിവരുമെന്നറിയിക്കും. സിനിമയിലുള്ള മിക്കവർക്കും ആദ്യമായി അവസരം കിട്ടിയതും നിലനിൽക്കുന്നതും ലൈംഗിക ബന്ധത്തിനു സമ്മതിച്ചതിനാലാണെന്ന് മിക്കവരോടും പറയും. ചൂഷണത്തിനുള്ള അവസരമായി കാസ്റ്റിംഗ് കൗച്ച് മാറുന്നു. വളരെ വൈകിയായിരിക്കും കുടുക്കിലായെന്ന് മനസിലാക്കുക. സിനിമയിലേക്ക് വരുന്ന സ്ത്രീകൾ പണമുണ്ടാക്കാൻ മാത്രമാണ് വരുന്നതെന്നും അതിനായി എന്തും അവർ അടിയറ വയ്ക്കുമെന്നും സിനിമാ രംഗത്ത് പൊതുവായ തെറ്റിദ്ധാരണയുണ്ട്. പൊതുസമൂഹത്തിലും ഇത്തരം തെറ്റിദ്ധാരണയുണ്ട്. സിനിമയിലേക്ക് പുതുതായെത്തുന്നവർ ഇതു വിശ്വസിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരകളായി മാറുകയും ചെയ്യുന്നു.
എത്ര ദുരനുഭവമുണ്ടായാലും സ്ത്രീകൾ രഹസ്യമായി സൂക്ഷിക്കുന്നു. സിനിമയിൽ നേരിടുന്ന ദുരനുഭവം അറിയിക്കാൻ ഡബ്യു.സി.സി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിൽ നിരവധി പേർ ദുരനുഭവം തുറന്നുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |