ആദ്യ സമ്മേളനം കൊല്ലത്ത്
തിരുവനന്തപുരം: ഏരിയ സമ്മേളങ്ങളിൽ ഉയർന്ന തർക്കങ്ങൾക്കും പൊട്ടിത്തെറികൾക്കും ശേഷം സി.പി.എം ജില്ലാ സമ്മേളങ്ങൾക്ക് നാളെ തുടക്കമാകും. സംസ്ഥാന സമ്മേളന വേദിയായ കൊല്ലത്താണ് ആദ്യ ജില്ലാ സമ്മേളനം .. കൊട്ടിയത്ത് 10 മുതൽ 12 വരെയാണ് സമ്മേളനം. ഫെബ്രുവരി 9 മുതൽ 11 കുന്നംകുളത്ത് നടക്കുന്ന തൃശൂർ ജില്ലാ സമ്മേളനമാണ് അവസാനത്തേത്.
മുൻകാലങ്ങളിൽ ഉണ്ടാകാത്ത വിധം ഏരിയ, ലോക്കൽ സമ്മേളങ്ങളിലുണ്ടായ രൂക്ഷമായ തർക്കങ്ങൾ പരിധി വിട്ട് പൊട്ടിത്തെറിയിലേക്കെത്തിയ സാഹചര്യങ്ങളാണ് നിലവിലുള്ളത്. അതിനാൽ ജില്ലാ സമ്മേളനങ്ങളിൽ വിഭാഗീയത ഉണ്ടാകരുതെന്നും മത്സരങ്ങളില്ലാതെ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ ജില്ലകളിലെ പ്രധാന നേതാക്കന്മാരുടെ മൗനാനുവാദത്തോടെ ഏരിയ, ലോക്കൽ തലങ്ങളിൽ വരെ എത്തിയ വിഭാഗീയതയുടെ പൂർണ്ണ രൂപം ജില്ലാ സമ്മേളങ്ങളിൽ വെളിപ്പെടുമോയെന്ന ആശങ്കയുമുണ്ട് .
കൊല്ലം ജില്ലയിലാണ് വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതും ഇതിന് പിന്നാലെയാണ്. തിരുവനന്തപുരം ജില്ലയിൽ മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരി സമ്മേളനം ബഹിഷ്കരിക്കുകയും പിന്നാലെ ബി.ജെ.പി യിൽ ചേരുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലയിൽ വിഭാഗീയത കാരണം കൊഴിഞ്ഞാമ്പാറ സമ്മേളനം മൂന്നു വട്ടം മാറ്റിവച്ചു. ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വിമത വിഭാഗം കൺവെൻഷനും നടത്തി.
ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബിബിൻ സി.ബാബു പാർട്ടി വിട്ട് ബി.ജെ.പി യിൽ ചേർന്നിരുന്നു.പത്തനംതിട്ടയിൽ തിരുവല്ല ലോക്കൽ സമ്മേളനത്തിലെ തർക്കം സംസ്ഥാന സെക്രട്ടറിയുടെ വരുതിയിലും നിന്നില്ല.
ഇതിനൊപ്പം ഭരണത്തിനും പാർട്ടിക്കും എതിരെ ഉയരാനിടയുള്ള വിമർശനവും കരുതലോടെ വീക്ഷിക്കുകയാണ് നേതൃത്വം. സംസ്ഥാന നേതാക്കൾ പക്ഷം പിടിക്കുന്ന വിഭാഗീയതയല്ല , മറിച്ച് പ്രാദേശികമായി ഉയർന്നുവരുന്ന പിണക്കങ്ങളാണ് ഏരിയ സമ്മേളനങ്ങളിൽ കണ്ടതെന്നും, ഇതൊന്നും ജില്ലാ സമ്മേളങ്ങളിൽ പ്രതിഫലിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |