2025ൽ ഏറെ മാറ്റങ്ങളോടെ കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തുന്ന ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. NATA എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഭിരുചി പരീക്ഷയ്ക്ക് ഇനിമുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്കും, പ്ലസ് വൺ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അഞ്ചു വർഷ ബി. ആർക്ക് കോഴ്സിനുള്ള പ്രവേശനം NATA പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എൻ.ടി.എ നടത്തുന്ന ജെ.ഇ.ഇ മെയിൻ സെക്കൻഡ് പേപ്പർ സ്കോറനുസരിച്ചും ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആർക്കിടെക്ച്ചർ കോഴ്സിന് പ്രവേശനം ലഭിക്കും.
മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. പരീക്ഷയിൽ പാർട്ട് A, B വിഭാഗങ്ങളുണ്ട്. എ 1- ഡ്രോയിംഗ് & കോമ്പസിഷൻ, എ 2- സ്കെച്ചിംഗ്&കോമ്പസിഷൻ, എ 3- ത്രീ ഡി കോമ്പസിഷൻ, ബി 1- 42 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ബി 2- 8 ചോയ്സില്ലാത്ത ചോദ്യങ്ങൾ എന്നിങ്ങനെ മൊത്തം 200 മാർക്കിന്റെ ചോദ്യങ്ങളാണ് നാറ്റയ്ക്കുള്ളത്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.മൊത്തം 45 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നാറ്റയിൽ യോഗ്യത നേടാൻ 200 ൽ 70 മാർക്ക് നേടണം. പാർട്ട് എ യിൽ കുറഞ്ഞത് 20 മാർക്കും പാർട്ട് ബി യിൽ 30 മാർക്കും നേടണം. സ്കോറിനു രണ്ടു വർഷ വാലിഡിറ്റിയുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.www.nata.in, www.coa.gov.in.
ഐസർ അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം
പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) ബാച്ച്ലർ, ഇന്റഗ്രേറ്റഡ് ബാച്ച്ലർ മാസ്റ്റേഴ്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര ഗവേഷണ മേഖലയിൽ താത്പര്യമുള്ളവർക്ക് മികച്ച പ്രോഗ്രാമാണിത്. ബെർഹാംപൂർ, തിരുവനന്തപുരം, മൊഹാലി, ഭോപ്പാൽ, കൊൽക്കത്ത, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽ ഐസറുകളുണ്ട്. ഈ വർഷം മേയ് 25 നു നടക്കുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രവേശനം. www.iiseradmission.in വഴി മാർച്ച് അഞ്ചു മുതൽ ഏപ്രിൽ 15 വരെ അപേക്ഷിക്കാം. അപേക്ഷകർ 2000 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വർഷത്തെ ഇളവ് ലഭിക്കും.
ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് കോഴ്സ്
തിരുവനന്തപുരം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ് (ഫോൺ: 9142041102) അംഗീകൃത പഠനകേന്ദ്രം. ഒരു വർഷമാണ് കാലാവധി. ഓൺലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകൾ, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകൾ, ക്ലിനിക്കൽ സന്ദർശനങ്ങൾ, ഇന്റേൺഷിപ് എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാം വിജയിക്കുന്നവർക്ക് മെഡിക്കൽ റെക്കോർഡ്സ് ടെക്നിഷ്യൻ, മെഡിക്കൽ കോഡർ, മെഡിക്കൽ ബില്ലിംഗ് ടെക്നിഷ്യൻ, റവന്യൂ സൈക്കിൾ മാനേജർ, ഹെൽത്ത് ഇൻഫർമേഷൻ മാനേജർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ഹെൽത്ത് ' ഡാറ്റ അനലിസ്റ്റ്, മെഡിക്കൽ ബില്ലർ, എ.ആർ കോളർ, ഇ.എച്ച്.ആർ ആൻഡ് ഇ.എം.ആർ ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തൊഴിലുകളിൽ പ്രാവീണ്യം ലഭിക്കും. https://app.srccc.in/register ലൂടെ അപേക്ഷ 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2325101, 8281114464. വെബ്സൈറ്റ്: www.srccc.in.
സംരംഭക പരിശീലനവും ധനസഹായവും
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ സെന്റർ ഫോർ അഗ്രികൾച്ചറൽ ഇനവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫറിന്റെയും(സി.എ.ഐ.ടി.ടി) ഹൈദരാബാദ് മാനേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഗ്രി ക്ലിനിക് ആൻഡ് അഗ്രി ബിസിനസ് സെന്റേഴ്സ് സ്കീമിന്റെ ഭാഗമായി 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകും. കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിൽ പന്ത്രണ്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ജയിച്ചവർക്ക് ഫെബ്രുവരി 7 നകം അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോൺ ലഭ്യമാക്കും.വ്യക്തികൾക്ക് 20 ലക്ഷം രൂപ വരെയും, 5 അംഗങ്ങൾ ഉള്ള ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും ബാങ്ക് വായ്പ ലഭിക്കും.
പൊതുവിഭാഗത്തിൽ ഉള്ളവർക്ക് വായ്പ തുകയുടെ 36% തുക സബ്സിഡി ലഭിക്കും.വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉള്ളവർക്കും ആകെ പ്രോജക്ട് തുകയുടെ 44% വരെ സബ്സിഡി ലഭിക്കും.കൂടുതൽ വിവരങ്ങൾക്കും, രജിസ്റ്റർ ചെയ്യാനുമായി 9447495778, 8891540778 നമ്പരുകളിൽ ബന്ധപ്പെടാം. അനുബന്ധ വിവരങ്ങൾക്ക് https://www.agriclinics.net/ . ഫെബ്രുവരി 10ന് വെള്ളായണി സി.എ.ഐ.ടി.ടി (കൈറ്റ്, വെള്ളായണി) ആസ്ഥാനത്ത് വച്ച് പരിശീലനാർത്ഥികളുടെ സ്ക്രീനിംഗ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |