തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി മറികടക്കാൻ ആറ് കാര്യങ്ങളാണ് കേന്ദ്രബഡ്ജറ്റിൽ കേരളം പ്രതീക്ഷിച്ചത്. അതിൽ വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ 0.5% അധികവായ്പയെടുക്കാനുള്ള ആനുകൂല്യം ഒരുവർഷത്തേക്ക് കൂടി നീട്ടാനനുവദിച്ചത് ഒഴികെ മറ്റൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിലൂടെ വർഷത്തിൽ 6500 കോടിയോളം അധിക വായ്പയെടുക്കാനാകും എന്നതാണ് നേട്ടം.
24,000കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്,വിഴിഞ്ഞത്തിന് 5,000കോടി,വയനാടിന് 2,000കോടി, ദേശീയപാത വികസനത്തിന് നൽകിയ 6025കോടി വായ്പയെടുക്കാൻ അനുമതി, കേന്ദ്രഗ്രാന്റുകളുടെ വ്യവസ്ഥകളിൽ ഇളവ് എന്നിവ അവഗണിക്കപ്പെട്ടു. ഇതോടെ ധനപ്രതിസന്ധി മറികടക്കാൻ സംസ്ഥാനബഡ്ജറ്റിൽ വേറെ വഴി കണ്ടെത്തേണ്ടിവരും.
വായ്പകളുടെമേൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3% വായ്പയെടുക്കാനാണ് സംസ്ഥാനങ്ങൾക്ക് അവകാശം.എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽ മൂന്നിലൊന്നും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് ഏതാനും വർഷങ്ങളായി കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത്. കിഫ്ബി, സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി,ട്രഷറിയിലെ നീക്കിയിരുപ്പ് തുടങ്ങി വിവിധ സാമ്പത്തിക സ്രോതസുകളും വായ്പാപരിധിയിൽ പെടുത്തി. ജി.എസ്.ടി വന്നതോടെ നികുതി ക്രമീകരിച്ച് വരുമാനം കൂട്ടാനും കേരളത്തിനാകില്ല.
കിട്ടുക 3800 കോടി
കേന്ദ്രഗ്രാന്റുകൾ,വിഹിതങ്ങൾ,പദ്ധതി സഹായങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയിൽ ഇത്തവണ 4.91ലക്ഷം കോടി ബഡ്ജറ്റിൽ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 25.01ലക്ഷം കോടി അനുവദിച്ചപ്പോൾ കേരളത്തിന് കിട്ടേണ്ടിയിരുന്നത് 73000കോടിയായിരുന്നെങ്കിലും കിട്ടിയത് 32000കോടി മാത്രം. ഇത്തവണ 4.91ലക്ഷം കോടി വർദ്ധിപ്പിക്കുമ്പോൾ 14258 കോടി കേരളത്തിന് കിട്ടേണ്ടതാണെങ്കിലും ലഭിക്കുന്നത് 3800കോടി മാത്രം.
50വർഷം തിരിച്ചടവുള്ള പലിശരഹിത മൂലധനനിക്ഷേപ വായ്പാപദ്ധതിയായ കാപ്പക്സിന് 1.5ലക്ഷം കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് അതിലൊരുപങ്ക് കിട്ടുമെന്ന് ഉറപ്പില്ല.കഴിഞ്ഞ മൂന്ന് വർഷങ്ങളിലും കേരളത്തിന് കാപ്പക്സ് വായ്പ നിഷേധിക്കപ്പെട്ടിരുന്നു.കേന്ദ്രബഡ്ജറ്റിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രവിഹിതം കുറയുന്നതോടെ സംസ്ഥാനബഡ്ജറ്റിലെ സാമ്പത്തികവരുമാനവും അതുവഴി കമ്മിയും വർദ്ധിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |