കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും പകുതിവില തട്ടിപ്പിൽ അറസ്റ്റിലായ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ. കസ്റ്റഡി കാലാവധി കഴിഞ്ഞ് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം ഉന്നയിച്ചത്. സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. പൊലീസ് മർദ്ദിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി. പ്രതിയെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും മറ്റും പണം നൽകിയതുൾപ്പെടെയുള്ള അനന്തുകൃഷ്ണന്റെ കുറ്റസമ്മതമൊഴിയും കണ്ടെടുത്ത ഡയറികളും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. വണ്ടൻമേട് പൊലീസ് എടുത്ത കേസിൽ ജയിലിൽ എത്തി അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. വണ്ടൻമേട് പൊലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. അതേസമയം, കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എൻ.ജി.ഒ കോൺഫെഡറേഷൻ ട്രസ്റ്റി ഷീബ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.
ആനന്ദകുമാറിന്
എതിരെ വീണ്ടും
സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ.ആനന്ദകുമാറിനെതിരെ അനന്തുകൃഷ്ണൻ ഇന്നലെ വീണ്ടും വെളിപ്പെടുത്തൽ നടത്തി. പദ്ധതിക്ക് സി.എസ്.ആർ ഫണ്ട് ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയത് ആനന്ദകുമാറാണ്. അത് നടക്കാത്തതിനാൽ ഉണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നിയമനടപടികൾ പൂർത്തിയായശേഷം അപേക്ഷകർക്ക് പണംതിരികെ നൽകുമെന്നും കോടതിയിൽ ഹാജരാക്കവേ അനന്തുകൃഷ്ണൻ മാദ്ധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |