തിരുവനന്തപുരം: മിനി ബസുകൾ കൂട്ടത്തോടെ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു കെ.എസ്.ആർ.ടി.സി പിൻവാങ്ങി. 220 മിനി ബസ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചെങ്കിലും രണ്ടു ഘട്ടമായി 20 മിനി ബസുകൾ വാങ്ങിയാൽ മതിയെന്നാണ് പുതിയ തീരുമാനം. ആദ്യം പത്തെണ്ണം വാങ്ങും. പിന്നീട് ആവശ്യമെന്ന് കണ്ടാൽമാത്രം 10 കൂടി വാങ്ങും.
ഗതാഗതവകുപ്പ് മന്ത്രിയായി കെ.ബി.ഗണേശ്‌കുമാർ ചുമതലയേറ്റടുത്ത ശേഷം 400 മിനി ബസുകൾ വാങ്ങാനായിരുന്നു പദ്ധതി . അത് പിന്നീട് 305 ആക്കി.
മിനി ബസ് ഗുണം ചെയ്യില്ലെന്ന് ജൂൺ 9ന് കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിദഗ്ധ ഉപദേശവും എതിർപ്പും അവഗണിച്ച് 220 മിനി ബസ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. എന്നാൽ, ധനവകുപ്പ് പച്ചക്കൊടി കാണിച്ചില്ല. തുടർന്ന് പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു.
പത്ത് മിനി ബസുകൾക്ക് ഐഷർ കമ്പനിക്ക് ഓർഡർ കൊടുത്തിട്ടുണ്ട്. ഇതിനൊപ്പം ദീർഘദൂര സർവീസുകൾക്ക് 24 എ.സി ബസുകൾ കൂടി വാങ്ങും. ഇതിൽ പത്തെണ്ണം സ്ലീപ്പർ ബസുകളാണ്. സെമിസ്ലീപ്പർ എട്ട്. സീറ്റർ- എട്ട് എന്നിങ്ങനെയാണ് മറ്റ് ബസുകൾ.
രണ്ടാം ഘട്ടമായി 60 സൂപ്പർ ഫാസ്റ്റുകൾ, 20 ഫാസ്റ്റാ പാസഞ്ചറുകൾ ഒപ്പം 10 മിനി ബസുകൾ കൂടി വാങ്ങും.
പ്ലാൻ ഫണ്ടിലെ 63 കോടി രൂപ ഉടൻകിട്ടുമെന്ന പ്രതീക്ഷയിലാണ് ബസ് വാങ്ങൽ.
അന്ന് കിട്ടിയ വിലയ്ക്ക് വിറ്റു
# 2001-03 ൽ ഗണേശ്‌കുമാർ ഗതാഗതമന്ത്രിയായിരിക്കെയാണ് മിനി ബസുകൾ വാങ്ങിത്തുടങ്ങിയത്. ആദ്യ വർഷംതന്നെ 47 ലക്ഷം രൂപയുടെ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ആദ്യം നൂറു ബസും പിന്നീട് 350 ബസുമാണ് വാങ്ങിയത്.
# സാധാരണ ബസുകൾ 15 വർഷം വരെ കുഴപ്പമില്ലാതെ സർവീസ് നടത്തുമ്പോൾ മിനി ബസ് 10 വർഷം ആകുംമുമ്പേ കട്ടപ്പുറത്തായി. വാർഷിക അറ്റക്കുറ്റപ്പണിക്ക് ചെലവായത് നാലുകോടിയോളം രൂപ. 12 ലക്ഷം രൂപയായിരുന്നു ഒന്നിന്റെ വില. ലേലത്തിൽ വിറ്റത് അമ്പതിനായിരം രൂപയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |