കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കാൻ പണപ്പിരിവ് നടത്തിയ
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി കരുനാഗപ്പള്ളി കെ.എസ് പുന്നക്കുളം മഠത്തിൽ വീട്ടിൽ ആർ.എസ്. അനുരാജ് (21) അറസ്റ്റിലായി.ഇതോടെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
റിമാൻഡിലുള്ള പൂർവവിദ്യാർത്ഥികളായ ആലുവ എടയപ്പറം കൊന്നക്കാട് മല്ലിശേരി വീട്ടിൽ ആഷിഖ് (20), പുറയം ദേശം കല്ലുംകോട്ടിൽ വീട്ടിൽ കെ.എസ്. ശാലിഖ് (21) എന്നിവർ അനുരാജിന്റെ ആവശ്യപ്രകാരമാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത്. ആഷിക്കിനും ശാലിഖിനും കഞ്ചാവ് വിറ്റതായി സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി. ഇയാൾ സ്ഥലംവിട്ടതായാണ് സൂചന.
പ്രതികൾ നാല് കിലോ കഞ്ചാവ് ഇയാളിൽ നിന്ന് വാങ്ങിയെന്നാണ് വിവരം. രണ്ട് കിലോ മാത്രമേ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ബാക്കി എവിടേക്ക് മാറ്റിയെന്നും അന്വേഷിക്കുന്നുണ്ട്.
കിലോയ്‌ക്ക് പതിനായിരം രൂപയോളം മുടക്കി കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. ഇത് 16000 രൂപയ്‌ക്കാണ് ഹോസ്റ്റലിൽ വിറ്റതത്രേ. മുൻകൂട്ടിയുള്ള ബുക്കിംഗിലൂടെയും ഓഫർ നിരക്കിലൂടെയുമായിരുന്നു ഇടപാട്. മറ്റ് കാമ്പസുകളിലേക്ക് ഇവിടെ നിന്ന് ലഹരി കൈമാറ്റം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. റെയ്ഡിൽ ആദ്യം അറസ്റ്റിലായ മൂന്നാംവർഷ വിദ്യാർത്ഥി ആകാശിന്റെ ഫോണിലേക്ക് 'സെയ്ഫല്ലേ' എന്ന് ചോദിച്ച് വിളിച്ചയാൾക്കായും തെരച്ചിൽ വ്യാപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |