കൊച്ചി: കെ.സി.ബി.സി മാനേജ്മെന്റിന് കീഴിലുള്ള എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ സർക്കാർ 4 മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത 4 ശതമാനം തസ്തികകൾ ഒഴിച്ചുള്ളതിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. സമാനമായ വിഷയത്തിൽ എൻ.എസ്.എസ് മാനേജ്മെന്റിന് അനുകൂലമായി മാർച്ച് 4ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവടുപിടിച്ച് കൺസോർഷ്യം ഒഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ് ഇൻ കേരള സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മാർച്ച് 17ന് എൻ.എസ്.എസ് മാനേജ്മെന്റിന് മാത്രം ബാധകമായ വിധം സർക്കാർ ഉത്തരവിറക്കി. ഇത് തങ്ങൾക്കും ബാധകമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും ഭിന്നശേഷിക്കാരെ ടേൺ അനുസരിച്ച് നിയമിക്കുന്നതിന് തസ്തിക ഒഴിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഉചിതരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള പ്രക്രിയ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പുരോഗമിക്കുകയാണ്. എന്നാൽ ഭിന്നശേഷി തസ്തികയിലേക്ക് യോഗ്യരായവരെ കണ്ടെത്തിയിട്ടില്ലെന്ന കാരണത്താൽ മറ്റ് അദ്ധ്യാപകരുടെ നിയമനാംഗീകാരവും വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവയ്ക്കുകയാണ്. അത് നീതികരിക്കാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് സുപ്രീംകോടതി ഉത്തരവിന്റെയടക്കം പശ്ചാത്തലത്തിൽ കൺസോർഷ്യം ഒഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ് സർക്കാരിന് നൽകിയിട്ടുള്ള നിവേദനം പരിഗണിച്ച്, 4 മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഹർജി തീർപ്പാക്കുകയും ചെയ്തു. കൂടുതൽ മാനേജ്‌മെന്റുകൾ സമാന ആവശ്യവുമായി കോടതിയെ സമീപിച്ചാൽ സർക്കാരിന് ഇക്കാര്യത്തിൽ പൊതുഉത്തരവ് ഇറക്കേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |