കോഴിക്കോട്: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വാർത്താ ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന കാന്തപുരത്തിന്റെ ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്താ ഏജൻസി നൽകിയ വാർത്തയാണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഇപ്പോൾ ഡിലീറ്റ് ചെയ്തത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നുമാണ് ഇന്നലെ കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി. നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചിട്ടുണ്ട്. എന്നാൽ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെടുന്നത്.
2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |