തിരുവനന്തപുരം: ഉപഭോക്താക്കളുടെ ഫോണിലൂടെയുള്ള പരാതികൾ കൈകാര്യം ചെയ്യാനുള്ള കസ്റ്റമർ കെയർ സംവിധാനം സ്വകാര്യവത്കരിക്കാൻ കെ.എസ്.ഇ.ബി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഉപയോഗിച്ച് കസ്റ്റമർ കെയർ പ്രവർത്തിപ്പിക്കാൻ ലാറിസ് എ.ഐ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. കെ.എസ്.ഇ.ബി ആസ്ഥാനത്തെ കേന്ദ്രീകൃത സംവിധാനത്തിലാണ് തുടക്കം.
മൂന്നുമാസത്തേക്ക് നൽകിയിരിക്കുന്ന കരാർ പിന്നീട് സംസ്ഥാനത്തെ 776 സെക്ഷൻ ഒാഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് കരാർ നൽകേണ്ടിവരും എന്ന കാരണത്താൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാതിരുന്ന കെ.എസ്.ഇ.ബിയാണ് കസ്റ്റമർ കെയർ സംവിധാനം സ്വകാര്യവത്കരിക്കുന്നത്.
കേന്ദ്രീകൃത കസ്റ്റമർ കെയർ പ്രവർത്തിപ്പിക്കാൻ ഒരു മാസത്തേക്ക് 84,560 രൂപയാണ് കരാർ കമ്പനിക്ക് നൽകുക. പ്രതിമാസം 16,000 മിനിറ്റ് കോളുകൾക്കാണിത്. കൂടുതൽ കോളുകൾ വന്നാൽ കൂടുതൽ തുക നൽകേണ്ടിവരും. ഉപഭോക്താക്കളുടെ കോളുകൾ എ.ഐ ടെക്നോളജി ഉപയോഗിച്ച് ഒാട്ടോമാറ്റിക്കായി തരംതിരിച്ച് പരിഹാരം കാണുന്ന സംവിധാനത്തിനാണ് കരാർ നൽകിയത്.
എ.ഐ വോയ്സ് ബോട്ട് ഉപയോഗിച്ച് വൈദ്യുതി തകരാറുകൾ, ലൈൻ പ്രശ്നങ്ങൾ, ട്രാൻസ്‌ഫോർമർ തകരാറുകൾ തുടങ്ങിയ പരാതികൾ കോൾ സെന്ററിൽ സ്വയം രേഖപ്പെടുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
അടിയന്തര സാഹചര്യങ്ങളും അല്ലാത്തവയും വേർതിരിച്ചും രേഖപ്പെടുത്തും. ഉപഭോക്താക്കളുടെ നമ്പർ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയവ ഒാട്ടോമാറ്റിക്കായി പരിശോധിക്കും. ആവശ്യമുണ്ടെങ്കിൽ എൻജിനിയർ ഉൾപ്പെടെയുള്ളവർക്ക് വിവരങ്ങൾ സന്ദേശങ്ങളായി കൈമാറും.
1000ത്തോളം തസ്തിക ഇല്ലാതാകും
കസ്റ്റമർ കെയർ സ്വകാര്യവത്കരിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട ആയിരത്തോളം തസ്തികകൾ ഇല്ലാതാകും. കേന്ദ്രീകൃത കസ്റ്റമർ കെയർ സംവിധാനത്തിൽ മാത്രം 16 ജീവനക്കാരുണ്ട്. സ്വകാര്യ കമ്പനി വരുന്നതോടെ ഇവരെ അടിയന്തരമായി പുനർവിന്യസിക്കേണ്ടിവരും. 776 സെക്ഷൻ ഒാഫീസുകളിൽ ഒന്നിലേറെ കസ്റ്റമർ കെയർ ജീവനക്കാരുമുണ്ട്. ഇവിടങ്ങളിലേക്കും സ്വകാര്യകമ്പനി വരുന്നതോടെ ഈ ജീവനക്കാരേയും പുനർവിന്യസിക്കേണ്ടിവരും. ക്രമേണ ഈ തസ്തികകൾ ഇല്ലാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |