
തിരുവനന്തപുരം: വൈദ്യുതി സർചാർജ് യൂണിറ്റിന് പത്തു പൈസ എന്ന പരിധി ഒഴിവാക്കാനും ആവശ്യാനുസരണം വർദ്ധിപ്പിക്കാനും അനുവദിക്കണമെന്ന കെ.എസ്.ഇ.ബി ആവശ്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 23ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും. ഒാൺലൈനായി നടത്തുന്ന തെളിവെടുപ്പിൽ അഭിപ്രായം എഴുതിയും അറിയിക്കാം.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി ഉപഭോഗ വർദ്ധന മറികടക്കാൻ പുറമേ നിന്നടക്കം വൈദ്യുതി വാങ്ങേണ്ടി വരുന്നതുമൂലമുള്ള നഷ്ടം നികത്തുന്നതിനാണ് സർചാർജ് ഇൗടാക്കുന്നത്. നേരത്തെ ഇൗ ചെലവ് വർഷത്തിൽ ഒന്നോ രണ്ടോ തവണ റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി അനുവാദം തേടുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, കേന്ദ്ര വൈദ്യുതി നിയമം പരിഷ്കരിച്ചതോടെ അതത് മാസം ഈടാക്കാൻ തീരുമാനമായി.
എന്നാൽ, സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ഇതുമൂലം കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാൻ കമ്മിഷൻ സർചാർജ് യൂണിറ്റിന് പത്തു പൈസയിൽ കൂടരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇൗ പരിധി ഒഴിവാക്കണമെന്ന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
സംസ്ഥാനത്തിന് കൂടുതൽ വായ്പയെടുക്കാൻ കേന്ദ്രാനുമതിക്കു വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നിർദ്ദേശം നൽകിയത്. സർചാർജ് കൂട്ടാൻ സമ്മതിച്ചാൽ സംസ്ഥാനത്തിന് പ്രതിവർഷം 6000 കോടിയോളം അധികവായ്പയ്ക്ക് അനുമതി കിട്ടും. റെഗുലേറ്ററി കമ്മിഷൻ നടപടികൾ പൂർത്തിയാക്കിയാൽ ജനുവരി മുതൽ കൂടുതൽ തുക സർചാർജായി വൈദ്യുതി ബില്ലിൽ നൽകേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |