കൊച്ചി: പത്തു വർഷത്തിനിടെ സർക്കാർ സർവീസിനോട് വിട പറഞ്ഞത് 2,07,715 ജീവനക്കാർ. ഇക്കാലത്ത് 2,94,960 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 2016 മുതൽ 2021 വരെ 1,61,268 പേരും 2021 മുതൽ 2025 സെപ്തംബർ 10 വരെ 1,33,692 പേരുമാണ് സർക്കാർ സർവീസിന്റെ ഭാഗമായത്. പൊതുഭരണ വകുപ്പിന്റെ രേഖയിലാണ് ഇക്കാര്യങ്ങൾ.
2020ലായിരുന്നു ഏറ്റവും വലിയ 'വിരമിക്കൽ മേള". 22,066 പേർ വിവിധ വകുപ്പുകളിൽ നിന്ന് പടിയിറങ്ങി. 2019ൽ 21,997 പേർ വിരമിച്ചു. 2017ലാണ് കുറവ് - വിരമിച്ചത് 19,759 പേർ മാത്രം.
വിരമിക്കൽ ആനുകൂല്യമായി 10 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ലഭിക്കുന്നവരുണ്ട്. വിരമിക്കുന്നവരുടെ വിവിധ ആനുകൂല്യങ്ങൾക്കായി 6,000 കോടിയോളം ഒരോ വർഷവും സർക്കാരിന് കണ്ടെത്തണം. ജീവനക്കാരെപ്പോലെ സർക്കാരിനെയും കൂട്ടവിരമിക്കൽ ധർമ്മസങ്കടത്തിലാക്കും.
വിരമിക്കൽ ദിനം
മേയ് 31കൂട്ട വിരമിക്കൽ ദിനമാണ്. അഞ്ച് വയസ് പൂർത്തിയാകാത്തവരെ ഒന്നാം ക്ലാസിൽ ചേർക്കാൻ പണ്ട് പ്രധാനാദ്ധ്യാപകർ മേയ് മാസത്തിലെ ഒരു ദിവസം ജനനത്തീയതിയാക്കുമായിരുന്നു. ഇങ്ങനെ മേയ് ജനനക്കാർ ധാരാളമുണ്ടായതിനാലാണ് മേയ് 31 കൂട്ടവിരമിക്കൽ തീയതിയായത്. ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ശേഷം ഈ പ്രവണത ഇല്ലാതായി.
വർഷം - വിരമിച്ചവർ
2016 - 20161
2017 - 19759
2018 - 20479
2019- 21997
2020 -22066
2023-21452
2024 -21400
2025- 18207
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |