
കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് പൊലീസ് ജീപ്പിലേക്ക് പാഞ്ഞുകയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്കും പൊലീസുകാരനും ഗുരുതര പരിക്ക്. ഹാർബർ സ്റ്റേഷനിലെ എ.എസ്.ഐ ആലപ്പുഴ ചേർത്തല സ്വദേശി പി.കെ.ബിജു(50),പെരുമ്പടപ്പ് സ്വദേശികളായ അഭിജിത്ത്(22),ഡേവിഡ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ബിജുവിന്റെ തലയിൽ 15 തുന്നിക്കെട്ടുണ്ട്. തലയോട്ടിക്ക് നേരിയ പൊട്ടലുമുണ്ടെന്നാണ് വിവരം. അഭിജിത്തിനും തലയ്‌ക്ക് സാരമായ പരിക്കുണ്ട്. ഡേവിഡിന് കൈകാലുകൾക്കാണ് പരിക്ക്.
ഇന്നലെ പുലർച്ചെ 1.15ഓടെ അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപത്തായിരുന്നു അപകടം. എ.എസ്.ഐ പി.കെ.ബിജുവും ഡ്രൈവർ കെ.ബിജുവുമായിരുന്നു നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലംവരെ പരിശോധന പൂർത്തിയാക്കി തിരികെ പോകാൻ യൂടേൺ എടുക്കുമ്പോഴായിരുന്നു അപകടം. കുണ്ടന്നൂർ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ എത്തിയ ബൈക്ക് ജീപ്പിന്റെ ഇടതുഭാഗത്തെ ഡോറിനോട് ചേർന്ന് പാഞ്ഞുകയറുകയായിരുന്നു. ഡേവിഡാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്ന അഭിജിത്ത് റോഡിലേക്ക് തലയടിച്ച് വീണു. പാഞ്ഞുകയറിയ ബൈക്ക് തട്ടിയാണ് എ.എസ്.ഐയുടെ തലയ്‌ക്ക് പരിക്കേറ്റത്.
ഡ്രൈവർ കെ.ബിജുവിന്റെ സമയോചിത ഇടപെടലാണ് മൂവരുടെയും ജീവൻ രക്ഷിക്കാനായത്. അപകടത്തിൽ പതറാതെ ഇതുവഴിയെത്തിയ കാർ തടഞ്ഞുനിറുത്തി ബിജു, ആദ്യം പരിക്കേറ്റ യുവാക്കളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം എ.എസ്.ഐക്ക് പരിക്കേറ്റത് ഡ്രൈവർ അറിഞ്ഞിരുന്നില്ല. കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് ചോരയിൽ കുളിച്ചനിലയിൽ പി.കെ.ബിജുവിനെ കാണുന്നത്. ഇടിയുടെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് ലോക്കായതിനാൽ ഏറെ പണിപ്പെട്ടാണ് ബിജുവിനെ പുറത്തെടുത്തത്. വൈകാതെ ആശുപത്രിയിൽ എത്തിച്ചു.
യുവാക്കൾ രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരിക്കേസുകളിലെ പ്രതികളാണ് യുവാക്കളെന്നാണ് സൂചന. തേവര മുതൽ ഇവർ അമിതവേഗത്തിലാണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |