
കൊച്ചി: ബഡ്‌ജറ്റിൽ ഉൾപ്പെടുത്താതെ അധിക പദ്ധതിവിഹിതം ചെലവിടുന്നതിന്, മാന്വൽ പ്രകാരം അത് ഡിമാൻഡ് ഒഫ് ഗ്രാന്റ്സായി അവതരിപ്പിച്ച് നിയമസഭയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി. നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിലാണ് ഇക്കാര്യമുള്ളത്.
ബില്ലുകൾക്ക് അംഗീകാരവും നേടണം. തുക ചെലവിട്ടശേഷം അംഗീകാരം നേടിയാൽ മതിയെന്ന സർക്കാർ വാദം തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരവിന് മുമ്പ്
പാർട്ടി സർക്കുലർ
പോർട്ടലിൽ വോളണ്ടിയർമാരെ രജിസ്റ്റർ ചെയ്യിക്കണമെന്നാവശ്യപ്പട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റികൾക്കയച്ച സർക്കുലറുമായി പൊരുത്തപ്പെടുന്നതാണ് സർക്കാർ തീരുമാനം. സർക്കാർ ഉത്തരവിനും മന്ത്രിസഭാ തീരുമാനത്തിനും മുമ്പേ പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കിയെന്നതിൽ തർക്കമില്ല.
ദുരന്ത നിവാരണത്തിനായി 2020ൽ സജ്ജമാക്കിയ പോർട്ടലിൽ നിന്നാണ് സർവേക്കായി വോളണ്ടിയർമാരെ കണ്ടെത്തിയത്. ഇതിന് വ്യാപക പ്രചാരണം കൊടുത്തില്ല. 'ഇടുങ്ങിയ ജാലക"ത്തിലൂടെയായിരുന്നു സർക്കാർ നടപടികൾ. ഇതെല്ലാം വിവരച്ചോർച്ചയുണ്ടായെന്ന ആരോപണം ബലപ്പെടുത്തുന്നു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കാര്യനിർവഹണച്ചട്ടത്തിലുള്ളത് കമ്മ്യൂണിറ്റി ലിസണിംഗ് സ്കീമുകളാണ്. 4.6 കോടിയാണ് ഇതിന് അനുവദനീയമായത്. അധികാരപരിധി മറികടന്ന് നവകേരള സർവേ ഇവരെ ഏൽപ്പിച്ചതിനും കൂടുതൽ തുക നൽകിയതിനും മതിയായ ന്യായീകരണമില്ല.
വിഫലമായി സർക്കാരിന്റെയും
ഗോവിന്ദന്റെയും വാദങ്ങൾ
നയപരമായ തീരുമാനത്തിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന സർക്കാർ വാദം തള്ളിയാണ് നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത്. സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും പൊതുഫണ്ട് ദുർവിനിയോഗമെന്ന പരാതി വന്നാൽ പരിശോധിക്കാനുള്ള ബാദ്ധ്യത കോടതിക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സി.പി.എം തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പാർട്ടി കേഡറുകളെയടക്കം വച്ച് സർവേ നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. പാർട്ടി സർക്കുലറും സർക്കാർ പദ്ധതിയും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് കേസിൽ കക്ഷിചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാദിച്ചു. പാർട്ടി അണികൾ ഇടതു സർക്കാരിന്റെ പദ്ധതിയുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തിയതെന്നും സാമ്പത്തിക അനുമതിയോടെയാണ് തുക വകയിരുത്തിയതെന്നുമാണ് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചത്. സന്നദ്ധ സേവനമായിരുന്നെന്നും വോളണ്ടിയർമാർക്ക് പ്രതിഫലം നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ മന്ത്രിസഭാ തീരുമാനം നിയമസഭയിൽ വയ്ക്കേണ്ടതാണെന്നും മന്ത്രിമാർ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുഫണ്ട് വിനിയോഗിക്കുമ്പോൾ റൂൾസ് ഒഫ് ബിസിനസ് കൃത്യമായി പാലിക്കുകയും വേണം. മതിയായ യോഗ്യതയുള്ളവർ ചെയ്യേണ്ട സങ്കീർണമായ സർവേ നടപടികളാണ് കർമ്മസേനയുടെ പേരിൽ വോളണ്ടിയർമാരെ ഏൽപിച്ചത്. അതിനാൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ഹർജിക്കാരുടെ ആരോപണം തള്ളാനാകില്ലെന്നും ഉത്തരവിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |