
കോഴിക്കോട്: മുസ്ലിംലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്താമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഇടതുപക്ഷത്തിന്റെ നിലപാടുകളോട് യോജിച്ച് പോവാൻ തയ്യാറെങ്കിൽ ലീഗിനും വരാമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ കേരളാകൗമുദിയോട് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്ത കണ്ടു. സഹതാപമാണ് തോന്നിയത്. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാനുള്ള പണി അവർ പണ്ടേ തുടങ്ങിയതാണ്. ഇപ്പോഴും നടക്കുന്നുണ്ട്. ഭരണമാണ് എൽ.ഡി.എഫിന് പ്രധാനം. പക്ഷേ മുസ്ലിംലീഗെന്ന രാഷ്ട്രീയ കക്ഷി എക്കാലത്തും യു.ഡി.എഫിന്റെ രാഷ്ട്രീയവുമായി അടിയുറച്ച് നിൽക്കുന്നവരാണ്. കേരളത്തിൽ ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെമി ഫൈനലാണെന്ന് പറഞ്ഞാണ് ഞങ്ങളിറങ്ങിയത്. അവിടെയുണ്ടായ വിജയത്തിലങ്ങോളം ലീഗുണ്ട്. അതും കൂടെ കണ്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലീഗിനെ പാളയത്തിലെത്തിക്കാനാണ് ശ്രമം. അതാണ് എൽ.ഡി.എഫ് കൺവീനറുടെ വാക്കുകളിലുള്ളത്. ഇതുവരെ തൊട്ടുകൂടാത്തവരെ എന്ത് ആദർശം പറഞ്ഞാണ് അവർ മുന്നണിയിലേക്ക് വിളിക്കുന്നത്. ആ വെള്ളം വാങ്ങിവയ്ക്കുകയാവും നല്ലത്.
മറ്റൊരുകാര്യം കൂടിയുണ്ട്. നിലവിൽ കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ അറിയാം എത്രമാത്രം സി.പി.ഐ പ്രവർത്തകരും നേതാക്കളും യു.ഡി.എഫിന്റെ ഭാഗമായിട്ടുണ്ടെന്ന്. അതുകൊണ്ട് ഏറ്റവും സേഫായി സി.പി.ഐക്ക് വരാവുന്ന ഇടമാണ് യു.ഡി.എഫ്. അവരെ സ്വാഗതം ചെയ്യുന്നുവെന്നും അടൂർപ്രകാശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |