
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) പതിമൂന്നു സീറ്റിൽ മത്സരിക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി എം.പി കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിലാണ് മത്സരിച്ചത്. കുറ്റ്യാടി സീറ്റ് ലഭിച്ചെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം അവസാനം സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു.
ചില പ്രത്യേക സാഹചര്യത്തിലാണ് കുറ്റ്യാടി ഏറ്റെടുത്തതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുതരുമെന്നും കോടിയേരി ഉറപ്പു പറഞ്ഞ സാഹചര്യത്തിൽ ഇതടക്കം 13 സീറ്റ് ആവശ്യപ്പെടും. എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ലഭിച്ച ചില സീറ്റുകൾ വച്ചുമാറുമെന്ന തരത്തിൽ ചർച്ചകൾ നടന്നെന്ന ചില ചാനൽ വാർത്തകൾ ശരിയല്ല.
പ്രചാരണ ജാഥകൾ നടത്താനുള്ള തിരക്കിലാണ് മുന്നണി. അടുത്തമാസം നടക്കുന്ന മദ്ധ്യമേഖലാ ജാഥ നയിക്കുക താനായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക വിഷയങ്ങളല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുക. അതുകൊണ്ടുതന്നെ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണുള്ളത്.
ശക്തി ഉള്ളതുകൊണ്ടല്ലേ
കോൺ. ക്ഷണിക്കുന്നത്
ഞങ്ങളെ യു.ഡി.എഫിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ക്ഷണിച്ചു കൊണ്ടിരിക്കുന്നത് ശക്തി ഉള്ളതിനാലല്ലേയെന്നും ജോസ് കെ. മാണി. ശക്തി കുറഞ്ഞാൽ ആരെങ്കിലും ക്ഷണിക്കുമോ. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം കൂടിയതല്ലാതെ പാർട്ടിക്ക് കോട്ടം സംഭവിച്ചിട്ടില്ല. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ജില്ല പഞ്ചായത്തുകളിൽ ഇരുമുന്നണികൾക്കും ഏഴു സീറ്റുകൾ വീതം ലഭിച്ചത് തുല്യ ശക്തികളാണെന്നതിന്റെ തെളിവാണ്.
പാലായിൽ 2,198
വോട്ടിന്റെ ഭൂരിപക്ഷം
തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് നേട്ടവും ഞങ്ങൾക്ക് കോട്ടവുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. പാലാ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ഞങ്ങൾ തന്നെയാണെന്നും ജോസ് കെ.മാണി. അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് യു.ഡി.എഫ് അവിടെ ഭരണം പിടിച്ചത്
പാലാ നിയമസഭാ മണ്ഡലത്തിൽ 2,198 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.ഫിനു ലഭിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ജോസഫ് ഗ്രൂപ്പ് എട്ടു വാർഡിൽ മത്സരിച്ചതിൽ രണ്ടിടത്തു മാത്രമാണ് ജയിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |