എസ്. രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസിനെ കുമളിയിൽ നടന്ന പാർട്ടി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വർഗീസിനെ തിരഞ്ഞെടുത്തത്. കെ.കെ. ജയചന്ദ്രനാണ് വർഗീസിന്റെ പേര് നിർദ്ദേശിച്ചത്. ആദ്യഘട്ടത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.എൻ. മോഹനൻ, കെ.വി. ശശി എന്നിവരുടെ പേരുകളും ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ സി.വി. വർഗീസിനായിരുന്നു. എം.എം. മണിയടക്കമുള്ള സംസ്ഥാന നേതാക്കളും അനുകൂല നിലപാടെടുത്തു.
സമ്മേളനത്തിൽ 39 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. നാലുപേർ വനിതകൾ. എട്ടുപേരെ ഒഴിവാക്കി. അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട മുൻ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും ഇക്കൂട്ടത്തിലുണ്ട്. ഒരു വനിത ഉൾപ്പെടെ പത്തംഗ ജില്ലാ സെക്രട്ടേറിയറ്റും രൂപീകരിച്ചു.
61കാരനായ സി.വി. വർഗീസ് 20 വർഷമായി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവും നിലവിൽ കർഷകസംഘം ജില്ലാ പ്രസിഡന്റുമാണ്. കെ.എസ്.ആർ.ടി.സി മുൻ ഡയറക്ടർ ബോർഡംഗമാണ്. ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷനാണ്. ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രണ്ടു തവണ മത്സരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |