തിരുവനന്തപുരം: ഉയർന്ന ഭരണച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കാരണം വീർപ്പുമുട്ടുന്ന ക്ഷേമനിധി ബോർഡുകളെ ലയിപ്പിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകളെ 11 ആക്കി ചുരുക്കുമെന്ന് 2020ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിന്റെ ഉത്തരവുമിറങ്ങി. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച് ലേബർ കമ്മിഷണർ അദ്ധ്യക്ഷനും തൊഴിലാളി സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന സബ്കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ലയന തീരുമാനമെടുത്തത്. സംയോജനം പ്രാവർത്തികമാക്കുന്നതിന് നിയമനിർമ്മാണം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ലയനം എങ്ങനെ നടപ്പിലാക്കണം എന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ല.
റിപ്പോർട്ട് വൈകുന്നത് ?
ലയനം നടപ്പിലാക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ലേബർ കമ്മിഷണറേറ്റിൽ ഉദ്യോഗസ്ഥരുടെ ഒരു സമിതി രൂപീകരിച്ചിരുന്നു. ബോർഡുകൾ ലയിപ്പിക്കുമ്പോൾ തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ തുടരുന്നതിലും നിറുത്തുന്നതിലുമുള്ള ആശങ്കയാണ് റിപ്പോർട്ട് നൽകാൻ കാലതാമസം നേരിടുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഓരോ ബോർഡും നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങളിലും ജീവനക്കാരുടെയും മറ്റും ശമ്പളത്തിലുമെല്ലാം വ്യത്യാസമുണ്ട്. സാങ്കേതികമായ ഇത്തരം നൂലാമാലകൾ ഉള്ളതിനാൽ വിദഗ്ദ്ധാഭിപ്രായം തേടിയ ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.
ലയിക്കുന്നത്
1.കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്,
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
2.കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്,
കേരള ഷോപ്പ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്
3. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്,
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്,
കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ്
4. കേരള ബീഡി ആൻഡ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്,
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്
മറ്റു ബോർഡുകൾ
1.കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്
2.കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
3.കേരള കശുഅണ്ടി തൊഴിലാളി അശ്വാസ ക്ഷേമനിധി ബോർഡ്
4.കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ്
5.കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്
6.കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്
7.കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |