കോട്ടയം: കേരളകൗമുദി കോട്ടയം യൂണിറ്റ് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടി 'രജതോത്സവത്തിന്' ഇന്ന് കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ തുടക്കമാകും. രാവിലെ 11ന് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് കേരളകൗമുദി പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് ഗവർണർ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സംസാരിക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത്, പ്രശസ്ത എൻഡോക്രൈനോളജിസ്റ്റും, ഏറ്റുമാനൂർ വിമല ഹെൽത്ത് കെയർ ഡയറക്ടറുമായ ഡോ.ജീവൻ ജോസഫ്, കൊശമറ്റം ഫിനാൻസ് എം.ഡി മാത്യു കെ.ചെറിയാൻ, സെന്റ് സേവ്യേഴ്സ് സ്കൂൾ ഒഫ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽസ് ഡയറക്ടർ സിമ്മി മാത്യു, പ്രശസ്ത ജ്യോതിഷൻ കുടമാളൂർ ശർമ്മ, ജോസ്‌കോ ഗ്രൂപ്പ് എം.ഡി ആൻഡ് സി.ഇ.ഒ ടോണി ജോസ്, റിട്ട.ആർ.ഡി.ഒ പി.ജി.രാജേന്ദ്രബാബു എന്നിവർ കേരളകൗമുദിയുടെ ഉപഹാരം ഗവർണറിൽ നിന്ന് ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ മെഗാഷോയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |