തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. ദർശനശേഷം ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കൂടൽ മാണിക്യം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
വിഷയത്തിൽ അഭിപ്രായമാരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട്, 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ തന്നെ പ്രചരിപ്പിച്ചതല്ലേയെന്ന് ചോദിച്ച സുരേഷ് ഗോപി വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു. ടൂറിസം രംഗത്ത് മഹാകുഭമേള പഠിപ്പിച്ചത് വലിയ പാഠമാണെന്നും യുപിയുടെ ജിഡിപി വളർച്ച മോശമാണെന്ന് പറഞ്ഞവർക്ക് ഇപ്പോൾ ആശ്ചര്യമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ആശാവർക്കർമാരുടെ സമരപ്പന്തലിൽ സുരേഷ് ഗോപി ഇന്നും എത്തിയിരുന്നു. ഇന്ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയത്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ ഇടപെട്ടത് ബി ജെ പിക്കാരനായതുകൊണ്ടോ, മന്ത്രിയോ എംപിയോ അയതുകൊണ്ടല്ലെന്നും സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങൾ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവർ പറഞ്ഞയുടൻ എടുത്തുകൊടുക്കാൻ പറ്റില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലർപ്പില്ലാതെയാണ് വിഷയം കേന്ദ്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങി.'- സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |