തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരപ്പന്തലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടുമെത്തി. ഇന്ന് രാവിലെ ഭാര്യ രാധികയ്‌ക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയത്.
ആശാ വർക്കർമാരുടെ പ്രശ്നത്തിൽ ഇടപെട്ടത് ബി ജെ പിക്കാരനായതുകൊണ്ടോ, മന്ത്രിയോ എംപിയോ അയതുകൊണ്ടല്ലെന്നും സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങൾ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവർ പറഞ്ഞയുടൻ എടുത്തുകൊടുക്കാൻ പറ്റില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലർപ്പില്ലാതെയാണ് വിഷയം കേന്ദ്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങി.'- സുരേഷ് ഗോപി പറഞ്ഞു.
ആശാവർക്കർമാർക്ക് സാമ്പത്തികാനുകൂല്യം വർദ്ധിപ്പിക്കാൻ ദേശീയ ആരോഗ്യ മിഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഇന്നലെ അറിയിച്ചിരുന്നു. ആശമാർക്കുള്ള വിഹിതത്തിൽ കേരളത്തിന് കുടിശിക തീർത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. നൽകിയ തുക ചെലവാക്കിയതിന്റെ രേഖ കേരളം സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സി പി ഐയിലെ പി സന്തോഷ്‌കുമാറിന് മറുപടി നൽകുകയായിരുന്നു നദ്ദ. കഴിഞ്ഞയാഴ്‌ച നടന്ന ദേശീയ ആരോഗ്യ മിഷൻ യോഗം ആശാവർക്കർമാർ നടത്തുന്ന സ്തുത്യർഹ സേവനത്തിന് സാമ്പത്തിക സഹായം കൂട്ടണമെന്ന് വിലയിരുത്തിയിരുന്നു. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ തുടർ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |