
കോഴിക്കോട്: ഡൽഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത. സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമൊക്കെ പരിശോധന നടത്തിവരികയാണ്. വയനാട്, മലപ്പുറം കളക്ടറേറ്റിൽ പൊലീസ് പരിശോധന നടത്തിയതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോമ്പൗണ്ടിലെ വാഹനങ്ങളും പരിശോധിച്ചുവരുന്നു.
കൊച്ചിയിൽ പലയിടത്തും പരിശോധന നടത്തിയെന്നാണ് വിവരം. കോഴിക്കോട് ബീച്ച് അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് സ്ഫോടനമുണ്ടായത്. വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പതിമൂന്നുപേർ മരിച്ചു. നിരവധി പേർ ചികിത്സയിലുണ്ട്.
സംഭവത്തിൽ എൻ ഐ എയും എൻ എസ് ജിയും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഉൾപ്പെടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.
ചാവേർ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംശയിക്കുന്നയാളുടെ അമ്മയേയും രണ്ട് സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിലെ ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. മറ്റെല്ലാ സ്റ്റേഷനുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലുമൊക്കെ സുരക്ഷ കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |