
കൊച്ചി: സിൻഡിക്കേറ്റ് യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിച്ചിട്ടും തിരിച്ചെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എൻ.നഗരേഷ്, സർക്കാരിനും സർവകലാശാലയ്‌ക്കും വൈസ് ചാൻസലർക്കും നോട്ടീസിന് നിർദ്ദേശിച്ചു. ഹർജി വീണ്ടും 18ന് പരിഗണിക്കും. നാലു മാസമായി സസ്പെൻഷനിലാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കുറ്റാരോപണ മെമ്മോ നൽകാത്ത പക്ഷം ഇത്തരം തസ്തികയിലുള്ളവരെ മൂന്നു മാസത്തിലധികം സസ്പെൻഷനിൽ വയ്‌ക്കരുതെന്ന് 2015ൽ സുപ്രീംകോടതി ഉത്തരവുള്ളതാണ്. തനിക്ക് മെമ്മോ ലഭിച്ചിട്ടില്ലെന്നും അകാരണമായി സസ്പെൻഷനിൽ നിറുത്തിയിരിക്കുകയാണെന്നും വാദിച്ചു. ഈ മാസമാദ്യം സിൻഡിക്കേറ്റ് യോഗം ചേരുകയും രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഇത് അംഗീകരിച്ചിട്ടില്ല. വിഷയം ഗവണർക്ക് വിട്ടിരിക്കുകയാണ്. സസ്പെൻഷൻ കാലയളവിൽ ഫയലുകൾ ഒപ്പുവച്ച് ഹർജിക്കാരൻ ക്രമക്കേട് നടത്തിയെന്നാണ് വി.സിയുടെ ആരോപണം. ജൂലായിൽ സെനറ്റ് ഹാളിൽ നടന്ന ഗവർണറുടെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിൽ പ്രതിഷേധമുണ്ടായപ്പോൾ പരിപാടി റദ്ദാക്കാൻ രജിസ്ട്രാറായിരുന്ന കെ.എസ്.അനിൽകുമാർ നിർദ്ദേശിച്ചിരുന്നു. ഇതിൽ വീഴ്ച പറ്റിയെന്നാരോപിച്ചാണ് വൈസ് ചാൻസലർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |