
തൃശൂർ: ഡൽഹിയിലെ കാർ സ്‌ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്‌ഫോടനം സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'അസാധാരണമായ സാഹചര്യമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ട് തവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്റെ അഖണ്ഡതക്കേറ്റ മുറിവാണ് ഈ സ്‌ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ട് വരും' - സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എച്ച്ആർ 26CE7674 എന്ന പ്ലേറ്റുള്ള വെളുത്ത ഹ്യുണ്ടായ് ഐ20 നമ്പർ കാറാണ് പൊട്ടിത്തെറിച്ചത്. ഒമ്പത് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 20ഓളം പേർക്ക് പരിക്കേറ്റു. മരിച്ച അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും തിരക്കേറിയ ചാന്ദ്നി ചൗക്ക് വ്യാപാരമേഖല ഇവിടെയാണ്. ഈ മാർക്കറ്റിനെ ലക്ഷ്യവച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് സംശയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |