
കൊച്ചി: അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. വ്യവസായ-ഐടി വകുപ്പുകൾ ഒന്നിച്ചാണ് എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഈ വർഷം മദ്ധ്യത്തോടെ പരിപാടി സംഘടിപ്പിക്കാനാണ് നീക്കം. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും സാദ്ധ്യതകളും ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്നും വിവരമുണ്ട്.
ജനറിക് എഐ എന്നതിലുപരി ജനറേറ്റീവ് എഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബോയിംഗ് വിമാനക്കമ്പനി പോലുള്ള ആഗോള ഭീമൻമാർ ഐബിഎമ്മിന്റെ ആഗോള സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബോയിംഗിന്റെയടക്കം പ്രാതിനിധ്യം എഐ ഉച്ചകോടിയിൽ എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.
ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെ എസ് ഐ ഡി സിയ്ക്ക് ആയിരിക്കും. സംസ്ഥാനത്തെ ഐടി പാർക്കുകൾ, സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാലയുടെ തുടങ്ങിയവയുടെ സഹകരണമുണ്ടാവും. ഐബിഎമ്മിന്റെ എഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എഐ പ്രൊഫഷണലുകൾ കൊച്ചിയിലെത്തും. മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയിൽ ചിന്തിക്കും. ഇത് പുതിയ ഐടി തലമുറയ്ക്കും ഏറെ ഗുണകരമാകും. ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടവും സ്‌മാർട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ പ്രാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയെ എഐ ഹബ്ബാക്കുന്നതിന്റെ ഭാഗമായി ഐബിഎം സോഫ്റ്റ്‌വെയർ പ്രതിനിധികളുമായി വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥരും കൂടിക്കാഴ്‌ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |