
കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലും ക്യൂൻസ് വാക്ക്‌വേയിലും സാമൂഹ്യ വിരുദ്ധരും പിടിച്ചുപറിക്കാരും വിലസുന്നു. രാത്രി സംഘടിച്ചെത്തുന്ന സംഘം ആയുധം കാട്ടിയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായത് ടൂറിസം കേന്ദ്രത്തിന്റെ പേരിന് കളങ്കമാകുന്നു. മദ്യലഹരിയിൽ തമ്പടിക്കുന്നവരും സഞ്ചാരികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിലെ പഴയ ജങ്കാർ ജെട്ടിക്ക് സമീപം പട്ടാപ്പകൽ നാടകകലാകാരൻ ആക്രമിക്കപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
രാവിലെ 9.30ഓടെ കായലോരത്ത് നാടക രചനയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നു കലാകാരൻ. ഈ സമയം ഒന്നിലധികം പേരെത്തി, ഇത് തങ്ങളുടെ സ്ഥലമാണെന്നും മാറണമെന്നും ആവശ്യപ്പെട്ടു. പൊതുയിടമാണെന്നും മാറാൻ സാധിക്കില്ലെന്നും അറിയിച്ചതോടെ മർദ്ദിച്ച് അവശനാക്കിയശേഷം കായലിൽ തള്ളി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
56കാരന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തു. കണ്ടാൽ തിരിച്ചറിയുന്ന ഏതാനും പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഗുരുതരമായ കരൾ രോഗിയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം യു.എസ്. പൗരനെ കൊള്ളയടിച്ച കേസിലെ ആസൂത്രകൻ ആദർശ് മറൈൻ ഡ്രൈവിലായിരുന്നു തമ്പടിച്ചിരുന്നത്. മദ്യം വാങ്ങാൻ മറൈൻ ഡ്രൈവ് പരിസരത്ത് എത്തിയ യു.എസ്. പൗരന് ഡ്രൈഡേ ആയതിനാൽ മദ്യം കിട്ടിയില്ല. പിന്നീട് ആദർശിനെ പരിചയപ്പെട്ടു. ഇയാൾ മദ്യം സംഘടിപ്പിച്ച് നൽകി. ഇതിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു ആദർശ് കൊള്ളയടി ആസൂത്രണം ചെയ്തത്. പ്രതികളെ പിടികൂടിയത് ആശ്വാസമാണ്.
ക്രിമിനൽ കേസുകളിലെ പ്രതികളും മറ്റും മറൈൻ ഡ്രൈവിലും ക്യൂൻസ് വാക്ക് വേയിലുമെല്ലാം കറങ്ങി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടിടത്തും നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കലാകാരന്മാർ പ്രതിഷേധിച്ചു
നാടക കലാകാരനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ കലാകാരന്മാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മറൈൻ ഡ്രൈവിൽ പ്രതിഷേധിച്ചു. കുറ്റവാളികളുടെ താവളമായി മറൈൻ ഡ്രൈവിനെ മാറ്റുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. മർദ്ദിച്ച ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |