തിരുവനന്തപുരം: ദൃക്സാക്ഷികളില്ലാത്ത വിനീത കൊലക്കേസിൽ പ്രോസിക്യൂഷനെ സഹായിച്ചത് സാഹചര്യ, ശാസ്ത്രീയ തെളിവുകൾ. കേസന്വേഷിച്ച ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരെ കോടതി പ്രശംസിച്ചു. ലോക്ഡൗൺ കാലത്ത്, പ്രതി രാജേന്ദ്രൻ നഗരത്തിലൂടെ സഞ്ചരിച്ച സി.സി ടിവി ദൃശ്യങ്ങൾ 11 പെൻഡ്രൈവുകളിലാക്കി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിനീതയുടെ സ്വർണമാല കണ്ടെടുത്തതിന്റെയും അലപ്പുറം കുളത്തിൽ നിന്ന് രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെടുക്കുന്നതിന്റെയും കൊലയ്ക്കുപയോഗിച്ച കത്തി ഒളിപ്പിച്ചിടത്തു നിന്ന് കണ്ടെടുക്കുന്നതിന്റെയും ഏഴു വീഡിയോ ദൃശ്യങ്ങളും നിർണായകമായി. 96സാക്ഷികളും 222 രേഖകളുമാണുണ്ടായിരുന്നത്.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജി.സ്പർജ്ജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് അസി. കമ്മിഷണർ വി.എസ്.ദിനരാജിന്റെ സംഘമാണ് കേസന്വേഷിച്ചത്. പേരൂർക്കട സി.ഐയായിരുന്ന വി.സജികുമാർ, സബ് ഇൻസ്പെക്ടർമാരായ എസ്.ജയകുമാർ, ആർ.അനിൽകുമാർ, മീന എസ്.നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്.ആർ, നൗഫൽ റഫീഖ്, ഷംനാദ്, അരുൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദ്വിഭാഷികളായ രാജേശ്വരി.ആർ.കെ, രുഗ്മ.ജെ.എം എന്നിവരെയും കോടതി പ്രശംസിച്ചു.
കൊവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു കൊലപാതകം. പേരൂർക്കട എസ്.എച്ച്.ഒയായിരുന്ന സജികുമാറിന്റെ നേതൃത്വത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിനുശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിന് വെല്ലുവിളിയായിരുന്നു. രേഖാചിത്രത്തിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലൂടെയാണ് പ്രതിയെ പിടികൂടാനായത്. ഷാഡോ പൊലീസും ക്രൈംസ്ക്വാഡും അന്വേഷണത്തിൽ സഹായിച്ചു.
അറസ്റ്റുചെയ്ത് 90ദിവസത്തിനകം കുറ്റപത്രം നൽകി. 2024 ഏപ്രിൽ 12ന് തുടങ്ങിയ വിചാരണ ഒരു വർഷവും 12 ദിവസവുമെടുത്ത് പൂർത്തിയാക്കി. 2014ൽ രാജേന്ദ്രൻ തമിഴ്നാട്ടിൽ നടത്തിയ മൂന്ന് കൊലപാതക കേസുകളിലേയും വിചാരണ നാഗർകോവിൽ കോടതിയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |