തിരുവനന്തപുരം: വൈദ്യുതിനിരക്കിൽ 6.19 ശതമാനം വർദ്ധന വേണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷൻ ഇന്നലെ തെളിവെടുപ്പടക്കം നടപടികൾ പൂർത്തിയാക്കി. നിരക്ക് വർദ്ധന വൈകാതെ പ്രഖ്യാപിച്ചേക്കും. യൂണിറ്റ് 41പൈസയുടെ വർദ്ധനയെന്ന ആവശ്യത്തിൽ കമ്മിഷൻ നിശ്ചയിക്കുക എത്രയെന്നാണ് അറിയാനുള്ളത്.
നിലവിലെ നിരക്കുകളുടെ കാലാവധി ജൂൺ 30ന് തീരും. നിരക്ക് വർദ്ധന പ്രഖ്യാപിക്കും മുമ്പ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കെ.എസ്.ഇ.ബിയുടെ വരവ് ചെലവ് കണക്കുകൾ കൂടി പരിശോധിക്കണമെന്ന വ്യവസായ ഉപഭോക്താക്കളുടെ ആവശ്യം കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. ഇതിന് രണ്ടാഴ്ച വേണ്ടിവരും.
കഴിഞ്ഞ വർഷം 750 കോടിയും നടപ്പ് വർഷം 500 കോടിയോളവും കെ.എസ്.ഇ.ബിക്ക് ലാഭമുണ്ട്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില വർഷംതോറും കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധന വേണോ എന്ന ചോദ്യമാണ് കൊച്ചിയിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ ഉയർന്നത്.
വ്യവസായ ഉപഭോക്താക്കൾക്കും മാദ്ധ്യമസ്ഥാപനങ്ങൾക്കും രാത്രി 10 മുതൽ രാവിലെ ആറു വരെ വൈദ്യുതി നിരക്കിൽ 25 ശതമാനം കുറവ് അനുവദിച്ചിരുന്നത് 10 ശതമാനം മാത്രമാക്കി കുറയ്ക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു. പ്രവർത്തിക്കാത്ത സമയങ്ങളിൽ ഫിക്സഡ് ചാർജ്ജിൽ നൽകിയിരുന്ന കിഴിവിലും പത്തുശതമാനം കുറവിന് നീക്കമുണ്ട്. ഇതുരണ്ടും ഉപേക്ഷിക്കണമെന്ന ആവശ്യവും തെളിവെടുപ്പിലുയർന്നു. ചെറുകിട വ്യവസായങ്ങൾക്കുള്ള നിരക്ക് 6.15രൂപയാക്കാനുള്ള നിർദ്ദേശം 5.85 ആയി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചെറുകിട വ്യവസായ അസോസിയേഷൻ പ്രകടനവും നടത്തി.
താരിഫ് പെറ്റീഷൻ തിരുത്തി
തെളിവെടുപ്പ് നടക്കുന്നതിനിടെ നേരത്തെ നൽകിയ താരിഫ് പെറ്റീഷനിൽ രണ്ട് തിരുത്തലുകൾ വരുത്തി കെ.എസ്.ഇ.ബി നോൺ ടെലിസ്‌കോപ്പിക് താരിഫ് നിലവിൽ 251 യൂണിറ്റ് മുതലായിരുന്നത് 201 യൂണിറ്റിന് മുകളിലേക്കാണ് മാറ്റിയത്. അതേസമയം, മാസം 401-500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വർദ്ധന ആവശ്യപ്പെട്ടിരുന്നില്ല. ഇതും തിരുത്തി.
നിരക്ക് വർദ്ധനയ്ക്ക്
പകരം സെസ് ?
ലാഭത്തിലായിട്ടും മുൻവർഷങ്ങളിലെ സഞ്ചിതനഷ്ടത്തിന്റെ പേരിലാണ് വാർഷാ വർഷം നിരക്ക് കൂട്ടുന്നത്. സഞ്ചിതനഷ്ടം ഒറ്രയടിക്ക് നികത്തുന്നതിന് ഉതകുന്ന തരത്തിൽ നിരക്ക് വർദ്ധന അനുവദിക്കാറില്ല. സഞ്ചിതനഷ്ടം 3350 കോടിയുണ്ട്. ഓരോ വർഷവും നിരക്ക് വർദ്ധനയിലൂടെ നഷ്ടത്തിന്റെ 850 കോടിയോളം നികത്തുന്നു. ഇതിന് പകരം, അധിക നിരക്കിൽ വൈദ്യുതി വാങ്ങുമ്പോഴുള്ള നഷ്ടം നികുത്തുന്നതിന് നിശ്ചിതകാലയളവിൽ സെസ് ഏർപ്പെടുത്തണമെന്നാണ് ബദൽ നിർദ്ദേശം. ഇതും കമ്മിഷന്റെ പരിഗണനയിലുണ്ടെങ്കിലും ഉടൻ തീരുമാനമെടുക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |