
തിരുവനന്തപുരം:പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം ഇടതുമുന്നണി സർക്കാർ പാലിച്ചുവെങ്കിലും ഒന്നിനും വ്യക്തത കിട്ടാതെ ആശങ്കയിലാണ് ജീവനക്കാർ.
പെൻഷനൊപ്പം ഡി.ആർ ഉണ്ടാകുമെന്നും അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി കിട്ടുമെന്നുമാണ് ഉത്തരവിലുള്ളത്. പങ്കാളിത്ത പെൻഷനിൽ ജീവനക്കാരുടെ വിഹിതമായ അടിസ്ഥാന ശമ്പളവും ഡി.എയും ചേർത്തുള്ള തുകയാണോ ശമ്പളമായി കണക്കാക്കുകയെന്ന് വ്യക്തമല്ല. ജീവനക്കാരുടെ വിഹിതമായി പത്ത് ശതമാനം അതേപടി തുടരുമോയെന്നും അറിയില്ല. സർക്കാർ നൽകുന്ന വിഹിതം വർദ്ധിക്കുമോ അതോ അതുപോലെ തുടരുമോ എന്നും വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവും ചേർത്താൽ അവസാന അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമായില്ലെങ്കിൽ കുറവ് വരുന്ന തുക എങ്ങനെ കണ്ടെത്തുമെന്നതിനും വ്യക്തതയില്ല.കുറവ് വരുന്ന തുക സർക്കാർ വഹിക്കുന്ന തമിഴ്നാട് മോഡൽ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. സർക്കാരിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവും പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെ കുറിച്ചും ഉത്തരവിൽ ഒന്നും പറയുന്നില്ല. എൻ.പി.എസിൽ ഈ തുക കേന്ദ്രസർക്കാരിനെ ഏൽപിക്കുകയാണ് ചെയ്യുന്നത്. എൻ.പി.എസിന്റെ മാതൃകയാണോ സ്വീകരിക്കുകയെന്നും അറിയാനുണ്ട്. അഷ്വേർഡ് പെൻഷനിലേക്ക് മാറുമ്പോൾ പങ്കാളിത്ത പെൻഷനിലേക്ക് പിടിച്ച തുക എങ്ങനെ പിൻവലിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല. അഷ്വേർഡ് പെൻഷനിൽ സർവീസ് കുറഞ്ഞാലും പകുതി പെൻഷൻ ഉറപ്പാണോ എന്നതും വ്യക്തമല്ല. മിനിമം പെൻഷൻ,ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി,
കുടുംബപെൻഷൻ,ടെർമിനൽ സറണ്ടർ,പെൻഷൻപരിഷ്‌കരണം എന്നിവ സംബന്ധിച്ചും ജീവനക്കാർക്ക് ആശങ്കയുണ്ട്.
അഷ്വേർഡ് പെൻഷനായി;
മൊത്തം മൂന്നു പെൻഷൻ
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അഷ്വേർഡ് പെൻഷൻ എന്ന പുതിയ പെൻഷൻ പദ്ധതികൂടി സർക്കാർ നടപ്പിലാക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.ശമ്പളത്തിന്റെ പകുതി തുക ഉറപ്പാക്കുന്നതാണ് അഷ്വേർഡ് പെൻഷൻ. നിലവിലെ പങ്കാളിത്തപെൻഷനിൽ ഈ ഉറപ്പ് ഉണ്ടായിരുന്നില്ല.
ഇതോടെ സംസ്ഥാനത്ത് മൂന്ന് പെൻഷൻപദ്ധതികളായി. 2013ന് മുമ്പ് സർവീസിൽ കയറിയവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയാണ് ബാധകം. 2013ന് ശേഷം സർവീസിൽ കയറിയവർക്ക് പങ്കാളിത്ത പെൻഷൻ എന്ന നാഷണൽ പെൻഷൻ സ്കീമാണ് (എൻ.പി.എസ്.) ബാധകമായിരുന്നത്. അവർക്ക് വേണമെങ്കിൽ പുതിയ സ്കീമിലേക്ക് മാറാം.2026 ഏപ്രിലിന് ശേഷം സർവീസിൽ കയറുന്നവർക്കും അഷ്വേർഡ് പെൻഷനോ എൻ.പി.എസോ തിരഞ്ഞെടുക്കാം.
അഷ്വേർഡ് പെൻഷൻ സംബന്ധിച്ച് ഇന്നലെ ഉത്തരവ് ഇറങ്ങി.30വർഷം സർവീസുള്ളവർക്കായിരിക്കും പരമാവധി പെൻഷൻ കിട്ടുക.അഷ്വേർഡ് പെൻഷനിൽ ഡി.ആർ.നൽകുമെന്ന് ഉത്തരവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |