SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.36 PM IST

പൂട്ടിയ നിലയത്തിലെ ഇല്ലാത്ത  വൈദ്യുതിക്ക് 100 കോടി, എൻ.ടി.പി.സി - കെ.എസ്.ഇ.ബി കരാർ 

Increase Font Size Decrease Font Size Print Page

p

തിരുവനന്തപുരം: ഒൻപത് വർഷമായി വൈദ്യുതി ഉല്പാദനം നിലച്ച കായംകുളത്തെ എൻ.ടി.പി.സി താപനിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിയുടെ അസംബന്ധ കരാർ. പ്രവർത്തിക്കാത്ത സ്ഥാപനത്തിൽ നിന്ന് ഉല്പാദിപ്പിക്കാത്ത വൈദ്യുതിക്ക് പണം നൽകുകയാണ് കെ.എസ്.ഇ.ബി. ഇതിന്റെ ബാദ്ധ്യത നിരക്ക് വർദ്ധനയായി ജനങ്ങൾ നൽകേണ്ടി വരും.

മന്ത്രിസഭയെവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇതിന് അനുമതി വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി വാങ്ങിയില്ലെങ്കിലും ഫിക്സഡ് തുകയായി 100 കോടി രൂപ എൻ.ടി.പി.സിക്ക് നൽകാമെന്നാണ് കെ.എസ്.ഇ.ബിയുടെ കരാർ. ഇത് മൂന്ന് വർഷത്തേക്ക് പുതുക്കാൻ സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം അനുമതി കൊടുത്തു.

എൻ.ടി.പി.സിയുടെ വിശാഖപട്ടണത്തെ തൽച്ചാർ നിലയത്തിൽ നിന്ന് കേരളത്തിന് വൈദ്യുതി നൽകുന്നുണ്ട്. അത് കേന്ദ്ര പൂളിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട വിഹിതമായി നൽകുന്നതാണ്. അതിനുള്ള വില കേന്ദ്ര പൂളിലേക്കാണ് അടയ്ക്കുന്നത്. അവരാണ് എൻ.ടി.പി.സിക്ക് വില നൽകുന്നത്.

അതു മുടങ്ങാതിരിക്കണമെങ്കിൽ പൂട്ടിയ സ്ഥാപനത്തിൽ നിന്ന് കിട്ടാത്ത വൈദ്യുതിക്ക് കരാറിൽ ഏർപ്പെടണമെന്ന എൻ.ടി.പി.സിയുടെ സമ്മർദ്ദത്തിന് തലവച്ചുകൊടുക്കുകയാണ് കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാരും. തൽച്ചാർ നിലയത്തിൽ നിന്ന് വൈദ്യുതി തന്നില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടത് കേന്ദ്ര സർക്കാരാണ്. അതു മറച്ചുവച്ചാണ് ഈ കൊള്ള.

പ്രയോജനമില്ലാത്ത ഈ കരാർ ഉപേക്ഷിച്ചാൽ പ്രതിവർഷം 1.38കോടി രൂപ ലാഭം കിട്ടുമെന്ന് കെ.എസ്.ഇ.ബിയുടെ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. അത് അവഗണിച്ചെന്നു മാത്രമല്ല, സർക്കാർപോലും അതിന് ഒത്താശ ചെയ്യുന്നു.

വിചിത്ര കരാർ

അഞ്ചു തവണ

വൈദ്യുതി കമ്മിയുണ്ടായപ്പോഴാണ് എൻ.ടി.പി.സി.യെ കായംകുളത്ത് എത്തിക്കാൻ 1995ൽ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. 1999ൽ പ്രവർത്തനം തുടങ്ങി.12വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ കരാറായി.

ഇന്ധനമായ നാഫ്തയ്ക്ക് വിലകൂടിയതോടെ ഇവിടെ നിന്നുള്ള വൈദ്യുതിയുടെ വില യൂണിറ്റിന് 14രൂപയായി. ജലവൈദ്യുതിക്ക് 1.50രൂപയും ആണവ വൈദ്യുതിക്ക് 5 രൂപയും പുറത്തുനിന്നുള്ള കരാർ വൈദ്യുതിക്ക് 8രൂപയും മാത്രമേയുള്ളൂ. ഓപ്പൺ സോഴ്സിൽ നിന്ന് വാങ്ങാനുള്ള വില പരമാവധി 12രൂപയായി കേന്ദ്രം നിജപ്പെടുത്തിയിട്ടുമുണ്ട്. കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കെ.എസ്.ഇ.ബി. നിറുത്തി.

#ഇതോടെ 2017ൽ നിലയം പ്രവർത്തനം അവസാനിപ്പിച്ചു. എന്നിട്ടും കെ.എസ്.ഇ.ബി. അഞ്ച് തവണ കരാർ നീട്ടി. ഇതനുസരിച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിലും വർഷം 200കോടി രൂപവീതം എൻ.ടി.പി.സി.ക്ക് ഫിക്സഡ് ചാർജ്ജായി നൽകേണ്ടിവന്നു.

2022ൽ കരാർ പുതുക്കിയപ്പോൾ ഫിക്സഡ് ചാർജ്ജ് 100കോടിയാക്കി കുറച്ചു. 25 വർഷത്തിനുള്ളിൽ 4692കോടിരൂപയാണ് കെ.എസ്.ഇ.ബി. നൽകിയത്.

എൻ.ടി.പി.സിയുടെ ആസ്തി

നിലനിറുത്താനുള്ള തന്ത്രം

കരാറില്ലെങ്കിൽ കായംകുളം നിലയത്തിന് സൗജന്യമായി സംസ്ഥാനസർക്കാർ നൽകിയ 999ഏക്കർ സ്ഥലവും പ്ളാന്റും തിരിച്ചുനൽകേണ്ടിവരും.എൻ.ടി.പി.സി.യുടെ ആസ്തിയിലും ഓഹരിവിലയിലും വലിയ ഇടിവുണ്ടാക്കും. അതൊഴിവാക്കാൻ കെ.എസ്.ഇ.ബിയെ സ്വാധീനിക്കുകയാണ്.

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY