മനുഷ്യജീവൻ പരിഗണിച്ചില്ല
ഷോക്കേറ്റപകടം തുടർകഥ സ്മാർട്ട് മീറ്ററിലും പിടിവാശി കാട്ടി
തിരുവനന്തപുരം: വൈദ്യുതി ലൈനുകൾ കാരണമുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി വൈദ്യുതി വിതരണം നടത്താനും കേന്ദ്രം അനുവദിച്ച 10475കോടിരൂപ സ്വീകരിക്കാൻ കേരളം തയ്യാറായില്ല.
പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളും മറിഞ്ഞുവീഴുന്ന പോസ്റ്റുകളും ജീവൻ കവരുന്നത് പതിവായിട്ടും, രാഷ്ട്രീയ പിടിവാശിയിൽ മുഖം തിരിക്കുകയായിരുന്നു.
എല്ലാ സംസ്ഥാനങ്ങൾക്കുമായി വകയിരുത്തിയ 3.03ലക്ഷംകോടി രൂപയിൽ നിന്നാണ് ഈ തുക 2021ൽ കേരളത്തിന് അനുവദിച്ചത്.
സ്മാർട്ട് മീറ്റർ പദ്ധതി 2026ൽ പൂർത്തിയാക്കണമെന്ന് ഉപാധിവച്ചിരുന്നു.
സ്മാർട്ട് മീറ്റർ നടപ്പാക്കുന്ന സംവിധാനം സ്വീകാര്യമല്ലെന്നു പറഞ്ഞ്, പദ്ധതി നിരസിക്കുകയായിരുന്നു. ഒടുവിൽ സ്മാർട്ട് മീറ്ററിന് വഴങ്ങേണ്ടിയും വന്നു, അതിന് സ്വന്തമായി ആവിഷ്കരിച്ച പദ്ധതി ടെൻഡറിൽ എത്തി നിൽക്കുന്നതേയുള്ളൂ. സ്മാർട്ട് മീറ്ററിന് 163 പാക്കേജുകളിലായി 1640കോടിയുടെ പദ്ധതികൾക്കാണ് ടെൻഡർ വിളിച്ചത്. അത് 2026ൽ പൂർത്തിയാവില്ലെന്ന് ഉറപ്പാണ്. ഇതോടെ കേന്ദ്ര ആനുകൂല്യം എന്നെന്നേക്കുമായി നഷ്ടപ്പെടും.
വൈദ്യുതി സുരക്ഷയുൾപ്പെടെ വിതരണ സംവിധാനം മെച്ചപ്പെടുത്താൻ ദ്യുതി,ഇ.സേഫ്,ട്രാൻസ്ഗ്രിഡ് 2 എന്നിവ ഉൾപ്പെടുത്തി 10000കോടിയുടെ പദ്ധതിയാണ് സംസ്ഥാനം സ്വന്തമായി പ്രഖ്യാപിച്ചത്. പണമില്ലാത്തതിനാൽ നടപ്പാക്കാൻ കഴിഞ്ഞില്ല. സാങ്കേതിക വൈദഗ്ദ്ധ്യവും കൈവരിച്ചിട്ടില്ലെന്ന് പിന്നീടാണ് ബോധ്യമായത്.
ഒടുവിൽ വിതരണസംവിധാനം നവീകരിക്കാൻ 2500കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച് കാത്തിരിക്കുകയാണ്.
വിതരണസംവിധാനം മെച്ചപ്പെടുത്താൻ 60%ഗ്രാൻഡും സ്മാർട്ട് മീറ്ററിന് 15%സബ്സിഡിയുമാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.
നിരസിച്ചത് 6 സംസ്ഥാനങ്ങൾ
കേരളം,തമിഴ്നാട്, ഗോവ, ഡൽഹി, പഞ്ചാബ്, മേഘാലയ
കൈവിടാൻ എന്തെളുപ്പം
# പ്രസരണ,വിതരണഘട്ടങ്ങളിലെ ഗുണമേൻമ ഉറപ്പാക്കാനും സമ്പൂർണ വൈദ്യുതീകരണം സാധ്യമാക്കാനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ആർ.ഡി.എസ്.എസ്.
#കെ.എസ്.ഇ.ബിയുടെ 10,475കോടിയുടെ പദ്ധതികൾക്കാണ് ഇതിന്റെ ഭാഗമായി കേന്ദ്രാനുമതി കിട്ടിയിരുന്നത്. 8205കോടി രൂപ സ്മാർട്ട് മീറ്റർ വ്യാപനത്തിനും 2270കോടിരൂപ വിതരണ ശൃംഖല നവീകരണത്തിനുമായിരുന്നു.
#ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാൻ കഴിയില്ലെന്ന് യൂണിയനുകളും സർക്കാരും നിലപാടെടുത്തു. പദ്ധതി ആനുകൂല്യം കൈവിട്ടു.
കേരളത്തിന്റെ വീരവാദം
# നാല് വർഷകൊണ്ട് 4035.57കോടിരൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപനം.
അഞ്ച് പ്രധാന പട്ടണങ്ങളിൽ കമ്പ്യൂട്ടർ നിയന്ത്രിത വൈദ്യുത വിതരണസംവിധാനം,ഊർജ്ജനഷ്ടം കുറയ്ക്കുന്നതിന് 227 ട്രാൻസ്‌ഫോർമറുകൾ, ജനനിബിഡ പ്രദേശങ്ങളിലും,വനപ്രദേശങ്ങളിലും വൃക്ഷലതാദികൾ അധികമുള്ളസ്ഥലങ്ങളിലും 6959കിലോമീറ്റർ കവചിത ചാലകങ്ങൾ, സുരക്ഷ ഉറപ്പാക്കുന്നതിന് 461752 വൈദ്യുതി പോസ്റ്റുകളുടെ എർത്തിങ്,ശൃംഖല ആധുനികവൽക്കരിക്കുന്നതിനായി 35198 പോൾ ടോപ്പ് ഡിസ്ട്രിബ്യൂഷൻ ബോക്സുകൾ എന്നിവയായിരുന്നു മുഖ്യഇനങ്ങൾ.
വിതരണ തടസ്സം നേരിടുന്ന മേഖല ഉടനടി തിരിച്ചറിഞ്ഞ് വിവരംനൽകുന്നതിന് 16258 ഫാൾട്ട് പാസ്സേജ് ഡിറ്റക്ടർ സ്ഥാപിക്കും. ഇവ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ വികസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ല.
ഒരു വർഷം, 241 മരണം
222 പേർ:
മരിച്ച ജനങ്ങൾ
19പേർ :
മരിച്ച വൈദ്യുതി
ജീവനക്കാർ
105 പേർ:
ഗുരുതരമായി
പരിക്കേറ്റവർ
(ഏപ്രിലിനുശേഷം തേവലക്കരയിലെ സ്കൂൾ വിദ്യാർത്ഥിയടക്കം ആറുപേർ മരിച്ചു.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |