
കൊച്ചി: കുറ്റകൃത്യങ്ങളിൽ കുടുങ്ങിയ കുട്ടികൾക്ക് കരുതലൊരുക്കുന്ന 'കാവൽ" പദ്ധതിയിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. വനിതാ ശിശുവികസന വകുപ്പിന്റേതാണ് പദ്ധതി. പദ്ധതി തുടങ്ങിയ 2016-17ൽ 346 പേരായിരുന്നു കാവലിൽ അഭയം തേടിയത്. 2024-25ൽ ഇത് 4608 ആയി. 2015ൽ 13.4 ആയിരുന്ന കുട്ടികളിലെ കുറ്റവാസന 2024ൽ 3.8 ശതമാനമാക്കാൻ പദ്ധതി സഹായിച്ചെന്ന് ബംഗളൂരുവിലെ നിംഹാൻസിന്റെ പഠനത്തിൽ വ്യക്തമായി.
വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. കുറ്റാരോപിതരെ കൗൺസലിംഗിലൂടെയും നിരീക്ഷണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് പദ്ധതി. നിംഹാൻസിന്റെ സഹകരണവും പദ്ധതിക്കുണ്ട്.
അനാഥർ, തെരുവിൽ കഴിയുന്നവർ, ബാലവേല, ബാലവിവാഹം എന്നിവയിൽ പെട്ടുപോയവർ, ലൈഗികാതിക്രമ ഇരകൾ തുടങ്ങിയ കുട്ടികൾക്ക് കാവൽ പ്ലസ് പദ്ധതിയുമുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ചുമതല.
വിദ്യാഭ്യാസ - തൊഴിൽ പരിശീലനം
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുന്ന കുട്ടികൾക്ക് കൗൺസലിംഗാണ് ആദ്യം നൽകുന്നത്. ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പദ്ധതിയുടെ ഭാഗമാക്കും. തുടർന്ന് കുട്ടിയെ എൻ.ജി.ഒകൾക്ക് കൈമാറും. കുടുംബത്തെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമുള്ള കുടുംബമാണെങ്കിൽ പരിഹാര നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. കുട്ടികൾക്ക് വിദ്യാഭ്യാസ - തൊഴിൽ പരിശീലനവും നൽകും. തുടർച്ചയായ മൂന്ന് വർഷമോ 21 വയസു വരെയോയാണ് കുട്ടികളെ ഒപ്പം നിറുത്തുക.
പ്രധാന സേവനങ്ങൾ
ലൈഫ് സ്‌കിൽ വിദ്യാഭ്യാസം
വൊക്കേഷണൽ പരിശീലനം
ഭവന സന്ദർശനം
കാവൽ കുട്ടികൾ
(വർഷ കണക്കിൽ)
2016-17........................346 (മൂന്ന് ജില്ല)
2017-18........................436 (9 ജില്ല)
2018-19........................1,475 (14 ജില്ല)
2019-20........................1,710
2020-21........................2,069
2021-22........................2,117
2022-23........................2,274
2023-24........................3,362
2024-25........................4,608
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |