തിരുവനന്തപുരം: സ്റ്റിയറിംഗിൽ തൊട്ടുതൊഴുതശേഷം അനില കെ.എസ്.ആർ.ടി.സി ബസ് ആദ്യമായി സ്റ്റാർട്ട് ചെയ്തപ്പോൾ കൈകൾ വിറച്ചതേയില്ല. തലേന്നുവരെ സ്കൂൾ ബസ് ഓടിച്ചിട്ടാണ് നെല്ലിമൂട് സ്വദേശിയായ അനില കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവറാകാൻ എത്തിയത്. നഗരത്തിലൂടെ വണ്ടി ഓടിക്കുമ്പോൾ തൊട്ടടുത്തു തന്നെ നിർദ്ദേശം നൽകി വി.പി. ഷീലയുമുണ്ടെന്ന ധൈര്യം കൂടി അനിലയ്ക്ക് കരുത്തായി.കെ.എസ്.ആർ.ടി.സിയുടെ ഏക വനിതാ ഡ്രൈവർ വി.പി. ഷീല 10 വർഷത്തെ അനുഭവത്തിൽ നിന്നാണ് പരിശീലനം നൽകുന്നത്. തൃശ്ശൂർ സ്വദേശികളായ ജിസ്ന, ശ്രീക്കുട്ടി, നിലമ്പൂർ സ്വദേശി ഷീന എന്നിവരും അനിലയ്ക്കൊപ്പം കെ.എസ്.ആർ.ടി.സിയുടെ വനിത സാരഥിമാരാകാനുണ്ട്.
നെല്ലിമൂട് മാർഇവാനിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറുടെ സീറ്റിൽ നിന്നാണ് അനില എത്തുന്നത്. സ്വന്തം ടിപ്പർ ഓടിച്ചാണ് ജിസ്ന ഡ്രൈവറായത്. ശ്രീക്കുട്ടിക്ക് 14 ചക്രങ്ങളുള്ള ലോറിയാണ് വഴക്കം. ചെറുപ്പം മുതലേ ഡ്രൈവിംഗ് ഇഷ്ടമുള്ള ഷീന, ഭർത്താവ് ടിപ്പർ വാങ്ങിയതോടെയാണ് ഹെവി ലൈസൻസ് സ്വന്തമാക്കിയത്. ചിങ്ങത്തിന് കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസിലെ സാരഥിമാരാകാനുള്ള പരിശീലനത്തിലാണ് ഈ നാലു വനിതകളും.
''ഞങ്ങൾ റെഡിയാണ്. ത്രില്ലിംഗിലുമാണ്""- പരിശീലനത്തിനിടയിൽ വനിതാ ഡ്രൈവർമാർ പറഞ്ഞു.
അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള ഇവരെ പരിശീലനം നൽകി മികച്ച ഡ്രൈവർമാരാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
പരിശീലനം നൽകുന്ന കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ വി.പി.ഷീലയെ റോൾ മോഡലാക്കിയാണ് നാലു പേരുടേയും പഠനം. കോതമംഗലം കോട്ടപ്പടി സ്വദേശിയാണ് ഷീല. ഇപ്പോൾ ഡീസൽ ബസിലാണ് പരിശീലനം നൽകുന്നത്. കുറച്ചുദിവസം കൂടി കഴിഞ്ഞ് ഇലക്ട്രിക് ബസിൽ പരിശീലനം നൽകും.
ഗിയർ ഇല്ലത്തതിനാലും ചെറിയ വാഹനമായതിനാലും ഒറ്റ ദിവസം കൊണ്ട് ഇവർക്ക് ഇ ബസിലെ ഡ്രൈവിംഗ് സ്വായത്തമാക്കാൻ കഴിയുമന്നാണ് പ്രതീക്ഷയെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ വി. വിനോദ് കുമാർ പറഞ്ഞു.
പുരുഷ ഡ്രൈവർമാർ ഓടിക്കുന്ന ഏത് ബസും ഏത്ര തിരക്കുള്ള റൂട്ടിലും അനായാസമായി കൊണ്ടുപോകുന്ന ഷീലയുടെ മികവ് കണ്ടാണ് കൂടുതൽ വനിതാ ഡ്രൈവർമാക്ക് അവസരമൊരുക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
112 അപേക്ഷകളിൽ നിന്നു 27 പേരെ ടെസ്റ്റിന് വിളിച്ചു. 11 പേർ പാസായി. അതിൽ നിന്നു നാലുപേർക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.
''ഡ്രൈവിംഗിനോടുള്ള പാഷൻ കാരണമാണ് ഞാൻ ഡ്രൈവറായത്. അന്ന് എന്നെ എല്ലാവരും കൗതുകത്തോടെ നോക്കി. എല്ലാം രംഗത്തും സ്ത്രീകൾക്ക് മുന്നേറാൻ അവസരമുണ്ട്""
- വി.പി. ഷീല, പരിശീലക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |