തിരുവനന്തപുരം: ജോലിസമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി മിനിസ്റ്രീരിയൽ സ്റ്രാഫുൾപ്പെടെയുള്ളവരെ പുനർവിന്യസിക്കും. ഇതുസംബന്ധിച്ച് മന്ത്രി കെ.ബി. ഗണേശ്കുമാർ സി.എം.ഡി പ്രമോജ് ശങ്കറിന് നിർദ്ദേശം നൽകി. ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും ആരംഭിച്ചു. ഇതിനായി ഡോ. കരൺജിത്തിനെ മെഡിക്കൽ ഓഫീസറായി നിയമിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കും. ജീവനക്കാരെ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കും.
കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ വർഷം അറുപതിലേറെപ്പേരാണ് ജോലിക്കിടെ മരിച്ചത്. ഈ വർഷം ഇതുവരെ 16 പേരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെബ്രുവരി 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മന്ത്രി ഗണേശ്‌കുമാർ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്താണ് പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തിയത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകും. ഇക്കാര്യത്തിൽ ബാങ്കുമായി മന്ത്രി നടത്തിയ ചർച്ചയും ഫലം കണ്ടു.
തുച്ഛമായ ചെലവിൽ പരിശോധന ലാബ്
രാജീവ് ഗാന്ധി ബയോടെക്നോളിയുടെ എം.ആർ.ഐ സ്കാനിംഗുൾപ്പെടെയുള്ള പരിശോധനാ കേന്ദ്രം കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ആരംഭിക്കും
തുച്ഛമായ ചെലവിൽ ജീവനക്കാർക്ക് പരിശോധന നടത്താൻ കഴിയും.
പരിശോധന ലാബ് ഉടൻ തുറക്കും
അടുത്തയാഴ്ച മുതൽ പലവിധ പരിശോധനയ്ക്കുള്ള കളക്ഷൻ സെന്ററുകൾ ആരംഭിക്കും.
'ശമ്പളം മാസാദ്യം നൽകും. അതിനായി ആരും ഇനി സമരം ചെയ്യേണ്ട. മാനസിക സമ്മർദ്ദമില്ലാതെ ജീവനക്കാർ ജോലി ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്".
- കെ.ബി. ഗണേശ്‌കുമാർ, ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |