തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ മാറ്റാൻ ഗവർണർക്കു മേൽ സമ്മർദ്ദവുമായി സർക്കാർ. ഈ മാസം 31ന് അവർ വിരമിക്കുന്നതിനാൽ, പകരം ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്നാണ് ആവശ്യം.
നേരത്തേ സജിയുടെ പേര് സർക്കാർ നൽകിയെങ്കിലും തള്ളിക്കളഞ്ഞാണ് സിസയെ വി.സിയായി ഗവർണർ നിയമിച്ചത്. നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ സജി ഗോപിനാഥിനെയും പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നു.സമാനമായ നോട്ടീസ് നൽകിയിരുന്ന എം.ജി വി.സി പ്രൊഫ. സാബു തോമസിന് മലയാളം വി.സിയുടെ ചുമതല ഗവർണർ നൽകിയ സാഹചര്യത്തിലാണ്, സജി ഗോപിനാഥിനായി സമ്മർദ്ദം.
സ്ഥിരം വി.സിയെ നിയമിക്കുന്നതു വരെ തുടരാനാണ് സിസാ തോമസിന് ഗവർണർ നൽകിയ ഉത്തരവ്. അതിനാൽ മാർച്ച് 31ന് വിരമിച്ചാലും അവർക്ക് വി.സിയായി തുടരാനാവും. എന്നാൽ സർവകലാശാലാ നിയമപ്രകാരം ആറു മാസത്തേക്കാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടത്. സിസയെ വി.സിയാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി ശരി വച്ചിട്ടുമുണ്ട്. .
താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ ,സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു..സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിസാ തോമസിന്റെ നിയമനം ശരി വയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.,
ഷോകോസ് നോട്ടീസ്:
സിസാ തോമസിനെതിരായ
നടപടി ട്രൈബ്യൂണൽ തടഞ്ഞു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സിസാ തോമസിനെതിരേ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും അതിലെ തുടർനടപടികളും സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മാർച്ച് 23 വരെ
മരവിപ്പിച്ചു.
ഗവർണറുടെ ഉത്തരവു പ്രകാരം വി.സിയുടെ ചുമതലയേറ്റെടുക്കും മുൻപ് സർക്കാരിന്റെ അനുമതി തേടാത്തത് അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 15ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദ്ദേശം. നോട്ടീസ് നൽകാൻ ഇടയായ സാഹചര്യങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരിന് ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 31ന് സിസ വിരമിക്കും.
സംസ്ഥാന ഭരണത്തലവനായ ഗവർണറുടെ ഉത്തരവ് പ്രകാരമാണ് ചുമതലയേറ്റതെന്നും സർക്കാരിന്റേത് ദുരുദ്ദേശത്തോടെയുള്ള നടപടികളാണെന്നും ചൂണ്ടിക്കാട്ടിയാണ് സിസാ തോമസ് ട്രൈബ്യൂണലിൽ ഹർജി നൽകിയത്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അച്ചടക്ക നടപടിയെടുക്കാൻ നിയമപരമായ അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. . കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കുന്നതിനൊപ്പം ,തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ
ആവശ്യപ്പെട്ടിരുന്നു. സിസയ്ക്കായി എം.ഫത്തുഹുദ്ദീൻ ഹാജരായി.
ഇത് രണ്ടാം വട്ടമാണ് സിസയുടെ ഹർജിയിൽ സർക്കാരിന് തിരിച്ചടിയേൽക്കുന്നത്. സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിന് തിരുവനന്തപുരത്ത് നിയമനം നൽകണമെന്ന് മാർച്ച് ഒന്നിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റിയിരുന്നു.31ന് വിരമിക്കുന്ന സിസയ്ക്ക് അവർ വഹിച്ചിരുന്ന പദവിക്ക് തുല്യമായ സ്ഥാനവും തിരുവനന്തപുരത്ത് തന്നെ നിയമനവും നൽകണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
സാങ്കേതിക സിൻഡിക്കേറ്റ്:
അംഗത്വം നഷ്ടമായ 6 പേർ
അക്കാഡമിക് യോഗത്തിൽ
തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ അസാധുവായ നിയമഭേദഗതി മറയാക്കി സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റിൽ തുടരുന്ന ആറ് അംഗങ്ങൾ വി.സിയുടെ അനുമതിയില്ലാതെ ഇന്നലത്തെ അക്കാഡമിക് സമിതി യോഗത്തിൽ പങ്കെടുത്തത് വിവാദമായി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം പിയുമായ ഡോ:പി.കെ. ബിജു, ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, കേരള സർവകലാശാല അദ്ധ്യാപികയായിരുന്ന ഡോ. ബി.എസ്. ജമുന, എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി.സഞ്ജീവ്, എസ് വിനോദ് മോഹൻ എന്നിവർക്കാണ് അംഗത്വം നഷ്ടമായത്. രജിസ്ട്രാറുടെ അനുമതിയോടെയാണ് ഇവർ റിസർച്ച് ആൻഡ് അക്കാഡമിക് സ്ഥിരം സമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുത്തത്. യോഗ തീരുമാനങ്ങൾ വി.സി അംഗീകരിച്ചിട്ടില്ല.
കെ.റ്റി.യു പ്രത്യേക
സമിതി മരവിപ്പിക്കൽ
നടപടി റദ്ദാക്കി
കൊച്ചി: കേരള സാങ്കേതിക സർവകലാശാല വി.സി ഡോ. സിസാ തോമസിനെ ഭരണ നിർവഹണത്തിൽ സഹായിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച സിൻഡിക്കേറ്റിന്റെയും ബോർഡ് ഒഫ് ഗവേണേഴ്സിന്റെയും തീരുമാനം മരവിപ്പിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ബോർഡ് ഒഫ് ഗവേണേഴ്സ് തീരുമാനം സസ്പെൻഡ് ചെയ്ത ചാൻസലറുടെ നടപടിയും ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കി. സിൻഡിക്കേറ്റംഗം കൂടിയായ ഐ.ബി. സതീഷ് എം.എൽ.എ നല്കിയ ഹർജി പരിഗണിച്ച കോടതി, കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണറുടെ നടപടിയെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.
സർക്കാർ നല്കിയ പട്ടിക പരിഗണിക്കാതെ ഡോ. സിസാ തോമസിനെ താത്ക്കാലിക വി.സിയായി ഗവർണർ നിയമിച്ചതിന് പിന്നാലെയാണ് പ്രത്യേക സമിതി രൂപീകരിച്ചത്. സിൻഡിക്കേറ്റിന്റെയും ബോർഡിന്റെയും ഉത്തരവുകൾ നിയമവിരുദ്ധമായതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാതെ സസ്പെൻഡ് ചെയ്തതെന്നായിരുന്നു ഗവർണറുടെ വാദം. കാരണം കാണിക്കൽ നോട്ടീസ് നൽകി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. സിൻഡിക്കേറ്റ്, ബോർഡ് തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ സസ്പെൻഡ് ചെയ്യാനും ഭേദഗതി വരുത്താനും ഗവർണർക്ക് അധികാരമുണ്ടെങ്കിലും നോട്ടീസ് നല്കാതെയുള്ള നടപടി തെറ്റാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |