തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ്ക്രസന്റ് എന്ന് വിദേശസ്ഥാപനത്തിൽ നിന്നു സഹായംസ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് ജീവനക്കാരുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
റെഡ്ക്രസന്റ് എന്ന വിദേശസ്ഥാപനത്തിൽ നിന്ന് ലൈഫ് മിഷൻ സഹായം സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഫ്ലാറ്റിന്റെ നിർമ്മാണ കരാർ യൂണിടാക് കമ്പനിക്ക് നൽകാനായി തീരുമാനമെടുത്തിട്ടില്ല. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ എം.ഒ.യു ഒപ്പുവച്ചിട്ടില്ല. എന്നാൽ ഭവനസമുച്ചയത്തിന്റെ പ്ലാൻ യൂണിടാക് എന്ന സ്ഥാപനം ലൈഫ് മിഷന് സമർപ്പിച്ചിരുന്നു. അത് ലൈഫ് മിഷൻ മാനദണ്ഡങ്ങൾ പ്രകാരവും സ്പെസിഫിക്കേഷൻ അനുസരിച്ചാണെന്നും പരിശോധിച്ച് ലൈഫ് മിഷൻ യു.എ.ഇ റെഡ്ക്രസന്റിന് അംഗീകാരം നൽകിയിരുന്നു.
ലൈഫ് മിഷൻ നേരിട്ട് നടപ്പാക്കുന്ന പൈലറ്റ് ഭവനസമുച്ചയത്തിന്റെ തൃശൂർ ഉൾപ്പെടെ ഏഴു ജില്ലകളിലെ കൺസൾട്ടന്റായി ഹാബിറ്റാറ്റിനെ തിരഞ്ഞെടുത്തിരുന്നു. കെട്ടിടനിർമ്മാണത്തിന് ഹാബിറ്റാറ്റുമായി കരാറില്ല. പ്രീഫാബ് ടെക്നോളജിയിൽ പരിജ്ഞാനമില്ല എന്ന കാരണത്താൽ തുടരുവാൻ താല്പര്യമില്ലെന്നറിയിച്ച് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് കത്തുനൽകുകയും തുടർന്ന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.
ലൈഫ് കോഴ:മുഖ്യമന്ത്രിയെ
ചോദ്യം ചെയ്യണമെന്ന്
അനിൽ അക്കര
തൃശൂർ : ലൈഫ് മിഷൻ കോഴയിടപാടിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷൻ സി.ഇ.ഒ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ കത്തുൾപ്പെടെയുള്ള രേഖകൾ സഹിതമാണ് പരാതി.
എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ ഇ.ഡി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടും കൈമാറി. ലൈഫ് മിഷൻ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ,ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിക്കുൾപ്പെടെ ലഭിച്ച അഴിമതിപ്പണമാണെന്നും പരാതിയിൽ ആരോപിക്കുന്നു.വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും അനിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |