തിരുവനന്തപുരം: കർണാടകയിൽ മിന്നൽറെയ്ഡിൽ എട്ട് കോടി കോഴപ്പണം പിടിച്ചെടുത്തും എം.എൽ.എയ്ക്കെതിരേ കേസെടുത്തും ലോകായുക്ത അഴിമതിവിരുദ്ധ പോരാട്ടം കടുപ്പിക്കുമ്പോൾ കേരളത്തിൽ കേസുകൾ കുറഞ്ഞും ഉത്തരവിറക്കാനാവാതെയും പല്ലുകൊഴിഞ്ഞ് ലോകായുക്ത. ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവയ്ക്കാത്തതാണ് ഉത്തരവുകൾ വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസനിധി ദുരുപയോഗ കേസിൽ വിചാരണ പൂർത്തിയാക്കി ഒരുവർഷമായിട്ടും ഉത്തരവിറക്കാനായിട്ടില്ല.
സുപ്രീംകോടതി / ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്ത വാദംകേട്ടും തെളിവെടുത്തും പുറപ്പെടുവിക്കുന്ന ഉത്തരവ് നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാമെന്നതാണ് ഭേദഗതി. ഇത് നിയമമായാൽ
സർക്കാരിന് സ്വന്തം കേസിൽ വിധിപറയാമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും വിലയിരുത്തിയാണ് ഗവർണർ ഒപ്പിടാത്തത്. ബില്ലിന് മുൻപിറക്കിയ ഓർഡിനൻസ് ഗവർണർ അംഗീകരിച്ചതാണ്. ഭരണഘടനയുടെ 213 അനുച്ഛേദമനുസരിച്ച് ബിൽ ഗവർണർ തടഞ്ഞുവച്ചാലും, ഓർഡിനൻസ് നിയമസഭ റദ്ദാക്കാത്തിടത്തോളം അതിലെ വ്യവസ്ഥകൾ നിലനിൽക്കും. ഈ ആശയക്കുഴപ്പം കാരണമാണ് ലോകായുക്ത പ്രധാന ഉത്തരവുകളിറക്കാത്തത്.
പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനും കഴിയുന്ന ഏകസംവിധാനമാണ് ലോകായുക്ത. മുൻപ് അഴിമതിയെക്കുറിച്ച് പരാതി കിട്ടിയാൽ വിജിലൻസിന് കേസെടുക്കാമായിരുന്നു. കേന്ദ്രഭേദഗതി വന്നതോടെ, സർക്കാർ അനുമതിയില്ലാതെ കേസെടുക്കാനാവില്ല. വിജിലൻസ് കോടതിക്ക് കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണം. ലോകായുക്തയിലാവട്ടെ, വെള്ളപേപ്പറിൽ 150രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് പരാതി നൽകാം. ഐ.ജി തലവനായ ഏജൻസി അന്വേഷിച്ച് അഴിമതി കണ്ടെത്തും. രേഖകൾ പിടിച്ചെടുക്കാം. വക്കീലിനെ വയ്ക്കാൻ പണമില്ലെങ്കിൽ സ്വന്തമായി വാദിക്കാം.
അഴിമതി പോരാട്ടം ദുർബലമാക്കും
അഴിമതി, സ്വജനപക്ഷപാതം, ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, നീതിനിഷേധം, സ്വഭാവനിഷ്ഠയില്ലാത്ത പ്രവൃത്തികൾ, അഴിമതിക്കോ സ്വാർത്ഥതാത്പര്യത്തിനോ പദവിയുടെ ദുരുപയോഗം തുടങ്ങിയ പരാതികളിൽ അന്വേഷണത്തിനും വിചാരണയ്ക്കും അധികാരമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങളും ഭരണനടപടികളും അതിലെ വീഴ്ചകളും അന്വേഷിക്കാം. ഹർജിക്കാർക്ക് കാര്യമായ പണച്ചെലവുമില്ല.
4.08കോടി
ലോകായുക്ത ഓഫീസിന്റെ വാർഷിക ചെലവ്
56.68 ലക്ഷം
ലോകായുക്ത, ഉപലോകായുക്ത വാർഷിക ശമ്പളം
കേസുകൾ കുറയുന്നു
2016-1264
2017-1673
2018-1578
2019-1057
2020-205
2021-227
2022-16
(മാർച്ച് വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |