തിരുവനന്തപുരം: ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പരിപാടികൾക്കെത്തിയ കേരളത്തിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ചില മണ്ഡലങ്ങളിൽ വാശിയേറിയ ത്രികോണപ്പോരിനും സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ പ്രചാരണച്ചൂട് ഉയരും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. മുന്നണിയിലെ മുഴുവൻ കക്ഷികളും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതിനാൽ പ്രചാരണ പ്രവർത്തനങ്ങളിൽ മുൻതൂക്കവുമുണ്ട്. തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം 20 മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികളും മൂന്ന് തവണ പര്യടനം നടത്തിക്കഴിഞ്ഞു. അടുത്ത മാസം ആദ്യ ആഴ്ചയോടെ സ്ഥാനാർത്ഥി പര്യടനവും സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ, ആലപ്പുഴ, വയനാട് സീറ്റുകളിൽ തട്ടി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം നീണ്ടതും ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതും പ്രചാരണം വൈകിപ്പിച്ചു. 20 സ്ഥാനാർത്ഥികളുടെയും കൺവെൻഷനുകൾ പൂർത്തിയാവുന്നു വടകര, ആലപ്പുഴ, തൃശ്ശൂർ മണ്ഡലങ്ങളിലൊഴികെ സിറ്റിംഗ് എം.പിമാരായതിനാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്.
ബി.ജെ.പി ജയസാദ്ധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ എന്നിവയ്ക്ക് പുറമേ ആദ്യ
പട്ടികയിൽപ്പെട്ട സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയ നാല് സീറ്റുകളിലും സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി. ഇനി കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിലെ ബി.ജെ.പി സ്ഥാനാർത്ഥികളാണ് വരാനുള്ളത്. അടുത്ത മാസം പകുതിയോടെ മുന്നണികളുടെ ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |