പാലക്കാട്: താമരശ്ശേരിയിൽ നിന്നെടുത്തു... വിറ്റത് പാലക്കാട്ട്... ഭാഗ്യവാൻ എവിടെയോ? ക്രിസ്മസ് -ന്യൂ ഇയർ ബമ്പറിന്റെ 16 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് ശ്രീമൂകാംബിക ഏജൻസിയിൽ നിന്ന് വിറ്റ XD 236433 നമ്പറിന്. പാലക്കാട് മൂത്താന്തറ സ്വദേശിയായ ഏജന്റ് എസ്. മധുസൂദനൻ വയനാട്ടിലെ താമരശ്ശേരി ലോട്ടറിസബ് ഓഫീസിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങിയത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്ന് ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റ് ആര് വാങ്ങിയെന്നറിയില്ല. ശബരിമല മണ്ഡലക്കാലവും പൊങ്കലുമായതിനാൽ അന്യസംസ്ഥാനത്തു നിന്നുള്ളവർ ആകാനുള്ള സാദ്ധ്യതയുമുണ്ട്. വൈകാതെ ഭാഗ്യവാൻ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മധുസൂദനൻ. ഏജന്റിന് കമ്മിഷനായി ലഭിക്കുക 1.6 കോടിരൂപയാണ്.
ശ്രീമൂകാംബിക ലോട്ടറി ഏജൻസി വിവിധ കടകളിലൂടെ 1.20 ലക്ഷം ക്രിസ്മസ് -ന്യൂ ഇയർ ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ബമ്പർ ടിക്കറ്റ് ഏത് സബ് ഓഫീസിൽ നിന്നും വാങ്ങാമെന്നതിനാൽ വ്യത്യസ്ത സീരിയൽ നമ്പരുകൾ ലഭിക്കുന്നതിന് മധുസൂദനൻ 11 ജില്ലകളിൽ നിന്നും ടിക്കറ്റ് എടുത്തിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഏജൻസികളിൽ മൂന്നാം സ്ഥാനം ശ്രീമൂകാംബികയ്ക്കാണ്. പ്രോത്സാഹനസമ്മാനമായി 35,000 രൂപ ലഭിക്കും. 2011ൽ മധുസൂദനൻ ലോട്ടറി വില്പന തുടങ്ങിയശേഷം 13 തവണ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 2015ൽ 3 കോടിയുടെ മൺസൂൺ ബമ്പർ അടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |