തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.50നായിരുന്നു വിയോഗം. ഭൗതികദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ പത്തിന് തൃശൂർ ലൂർദ്ദ് കത്തീഡ്രലിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. അന്ന് വൈകിട്ട് നാലിന് കോഴിക്കോട് എസ്.കെ.ഡി സിസ്‌റ്റേഴ്‌സ് ജനറേറ്റിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കാരം നടത്തുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായിരുന്നു മാർ ജേക്കബ് തൂങ്കുഴി. 1997 മുതൽ 2007വരെ തൃശൂർ അതിരൂപതയെ നയിച്ചു. സിറോ മലബാർ സിനഡ്, സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ചുമതലകളും വഹിച്ചു. ചുമതലകളിൽ നിന്നൊഴിഞ്ഞ ശേഷം അതിരൂപതയുടെ കാച്ചേരിയിലുള്ള മഡോണ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
പാലായ്ക്ക് സമീപം വിളക്കുമാടത്ത് കുരിയപ്പൻ- റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു ജനനം. മാനന്തവാടി, താമരശേരി രൂപത ബിഷപ്പായിരുന്നു. 2023 മേയ് ഒന്നിന് മെത്രാഭിഷേകത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചിരുന്നു. മാനന്തവാടിയിൽ മെത്രാനായിരുന്നപ്പോൾ അദ്ദേഹം സ്ഥാപിച്ച 'സിസ്‌റ്റേഴ്‌സ് ഒഫ് ക്രിസ്തുദാസി' സന്യാസിനീ സമൂഹാംഗങ്ങൾ ലോകമെങ്ങും ഇപ്പോൾ സേവനം ചെയ്യുന്നുണ്ട്. തൃശൂരിലെ പീച്ചി കേന്ദ്രീകരിച്ച് 'സിസ്റ്റേഴ്‌സ് ഒഫ് സെന്റ് ജോസഫ് ദ വർക്കർ' എന്ന ഭക്തസമൂഹത്തിനും അദ്ദേഹം രൂപം നൽകി. കൂടാതെ ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴിലധിഷ്ഠിത സ്ഥാപനങ്ങളും സ്ഥാപിച്ചു.
നികത്താനാവാത്ത വിടവ്: മുഖ്യമന്ത്രി
തിരുവനന്തപുരം; മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളിൽ അദ്ദേഹം സ്തുത്യർഹ സേവനമനുഷ്ഠിച്ചെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം: തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. രണ്ട് വർഷം മുമ്പാണ് മെത്രാൻ പദവിയിൽ അരനൂറ്റാണ്ട് അദ്ദേഹം പിന്നിട്ടത്. സൗമ്യമായ സംഭാഷണവും ആത്മീയ തേജസുമായി വിശ്വാസികളുടെ നല്ല ഇടയനായി, സഭ ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ചെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |